എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി.
പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.
അതിനിടെ സ്വപ്നക്കെതിരെ കേസുള്ള കാര്യം ഇൻറലിജൻസ് സർക്കാരിനെ അറിയിച്ചിരുന്നുവെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. എയർ ഇന്ത്യ ഉദ്യോഗസ്ഥനെ വ്യാജരേഖ ചമച്ച് കുടുക്കാൻ ശ്രമിച്ചെന്ന കേസിനെക്കുറിച്ചാണ് അറിയിച്ചത്. വ്യാജരേഖ കേസിലെ പ്രതി ഐടി വകുപ്പിലുണ്ടെന്ന് മെയ് മാസത്തിലാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണെന്നും ഇന്റലിജൻസ് അറിയിച്ചു. പ്രതി ഉന്നതരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും ഇന്റലിജൻസ് സൂചന നൽകി.
നയതന്ത്ര പരിരക്ഷ ഉപയോഗപ്പെടുത്തി സ്വർണം കടത്തിയ കേസിലെ ആസൂത്രക ഐടി വകുപ്പിലെത്തിയതും ഐടി സെക്രട്ടറിയുമായുള്ള അവരുടെ ബന്ധവും കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങകയാണ്. നിയമനം താൻ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് ഐടി സെക്രട്ടറി ശിവശങ്കരൻറെ നില കൂടുതൽ പരുങ്ങലിലായത്.