Headlines

എല്‍പിജി ക്ഷാമം രൂക്ഷം; തിരുവനന്തപുരത്തെ 10 ശതമാനം ഹോട്ടലുകള്‍ പൂര്‍ണമായി അടച്ചിട്ടു; ഇന്ന് പകലോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യത

സംസ്ഥാനത്ത് എല്‍പിജിക്ഷാമം രൂക്ഷം. ഇന്ന് പകലോടുകൂടി സ്ഥിതി കൂടുതല്‍ ഗുരുതരമാകും എന്നാണ് വിലയിരുത്തല്‍. വിവിധ നഗരങ്ങളിലെ ഹോട്ടലുകള്‍ അടച്ചു തുടങ്ങി. തലസ്ഥാനത്തെ തന്നെ 10% ഹോട്ടലുകളാണ് നിലവില്‍ പൂര്‍ണമായും അടച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും വിറകടുപ്പിലേക്ക് മാറി. (LPG shortage worsens explained)ഗാര്‍ഹിക ആവശ്യങ്ങളെയും, പെട്രോള്‍പമ്പുകളെയും വൈകാതെ കാര്യമായി ബാധിക്കും എന്നാണ് വിവരം . അതേസമയം വിതരണത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ച് പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാരിനോട് ഗാര്‍ഹികേതര സിലിണ്ടറുകളുടെ എണ്ണം കൂട്ടി ചോദിക്കാനും തീരുമാനമുണ്ട്.രാജ്യത്താതെ പാചകവാതക പ്രതിസന്ധിയില്‍ ആശങ്ക തുടരുകയാണ്. നിലവില്‍ പ്രതിസന്ധി ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എല്‍പിജിയുടെ ആഭ്യന്തര ഉല്‍പാദനം 28 ശതമാനം വര്‍ദ്ധിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഹോട്ടലുകള്‍ അടക്കം അടച്ച് പൂട്ടലിന്റെ വക്കിലാണ്.അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനുമായി ചര്‍ച്ച നടത്തി.സംഘര്‍ഷം തുടരുന്നതിലും സാധാരണക്കാരുടെ ജീവന്‍ നഷ്ടമാകുന്നതിലും പ്രധാനമന്ത്രി ആശങ്ക അറിയിച്ചു.ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയും ചരക്കുകളുടെ തടസ്സമില്ലാത്ത ഗതാഗതവും രാജ്യത്തിന് മുന്‍ഗണന എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയുടെ എണ്ണ കപ്പലുകള്‍ സുരക്ഷിതമായി കടന്നു പോകുന്നതിന് ഇന്ത്യ ഇറാനുമായി ചര്‍ച്ചകള്‍ തുടരുകയാണ്.