🔳ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള 13 പേര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. ദില്ലിയിലെ പാലം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സൈനിക മേധാവിമാരും ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരില്‍ നിന്ന് ദില്ലിയിലേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി 9 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ അന്തിമോപചാരം അര്‍പ്പിച്ചത്. തുടര്‍ന്ന് സൈനികരുടെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കര- വ്യോമ- നാവിക സേനാ തലവന്‍മാരും സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.
🔳ജനറല്‍ ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡര്‍, എന്നിവരുടേതുള്‍പ്പെടെ നാല് മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂ എന്നാണ് സൈന്യം അറിയിച്ചത്. ജനറല്‍ ബിപിന്‍ റാവത്തിന്റയും ഭാര്യയുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനും വിലാപയാത്രയ്ക്കും ശേഷം സൈനിക ബഹുമതികളോടെ ഇന്ന് വൈകിട്ട് സംസ്‌കരിക്കുമെന്നാണ് നിലവില്‍ അറിയിച്ചിട്ടുള്ളത്.
🔳ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. വിശദമായ ഡിഎന്‍എ പരിശോധനക്ക് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. സംസ്‌കാരത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.
🔳കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ബംഗലൂരുവിലേക്ക് മാറ്റി. എയര്‍ ആംബുലന്‍സില്‍ വൈകിട്ടാണ് അദ്ദേഹത്തെ ബംഗ്ലൂരുവിലെ വ്യോമസേന കമാന്‍ഡോ ആശുപത്രിയിലേക്ക് എത്തിച്ചത്. രാജ്യത്ത് ഏറ്റവും മികച്ച ചികിത്സാ സൌകര്യങ്ങളുള്ള ആശുപത്രികളിലൊന്നാണ് ബംഗ്ലൂരുവിലെ വ്യോമസേന കമാന്‍ഡോ ആശുപത്രി. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് ഡോക്ടര്‍മാര്‍.
🔳സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയുടെ പങ്ക് ആരോപിച്ച് ചൈന. റഷ്യ- ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ്. റഷ്യയുമായുള്ള എസ്- 400 മിസൈല്‍ ഇന്ത്യയിലേക്ക് എത്തിക്കുമ്പോള്‍ അമേരിക്ക ഉയര്‍ത്തിയ ആശങ്കയാണ് ഇതിന് കാരണമായി പ്രധാനമായും ചൈന ചൂണ്ടിക്കാട്ടുന്നത്.
🔳അന്തിമവിജയം കര്‍ഷകരുടെ സമരവീര്യത്തിനുതന്നെ. ഒന്നര വര്‍ഷത്തോളം രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ കര്‍ഷക സമരത്തിന് പര്യവസാനം. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തതോടെയാണ് സഹനസമരത്തിന്റെ പുതിയ ഏടുകള്‍ രചിച്ച ഐതിഹാസിക സമരം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.
🔳ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നത് നീട്ടി വെച്ചു. ജനുവരി 31 വരെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ പടരുന്നതിനാല്‍ ആഗോള സാഹചര്യം പരിഗണിച്ചാണ് നടപടി.
🔳കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവും സംസ്ഥാന താത്പര്യത്തിനു വിരുദ്ധവുമാണെന്നും പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും കെ സുധാകരന്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. കെ റെയിലില്‍ നിന്ന് കേന്ദ്രം വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ലോക്‌സഭയില്‍ അടിയന്തരപ്രമേത്തിനു നോട്ടീസ് നല്‍കുകയും ചെയ്തു.
🔳മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോള്‍ കൃത്യമായി അറിയിപ്പ് നല്‍കാത്തതിനെതിരെയും രാത്രി തുറക്കുന്നതിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എം എം മണി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് എം എം മണി എം എല്‍ എ പറഞ്ഞു. മര്യാദക്ക് മുന്നറിയിപ്പ് നല്‍കി പകല്‍ ഡാം തുറന്നു വിടുകയാണ് തമിഴ്നാട് ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതെ വിഷയം തീരില്ല. മുല്ലപ്പെരിയാര്‍ കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും ഇതിനായി ക്യാമ്പയിന്‍ സംഘടിപ്പിക്കണമെന്നും എം എം മണി ഇടുക്കിയില്‍ ആവശ്യപ്പെട്ടു.
🔳മുല്ലപ്പെരിയാറില്‍ മരംമുറിക്കുന്നതിന് തമിഴ്നാടിന് അനുമതി നല്‍കിയ വിവാദ ഉത്തരവിട്ട ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. റിവ്യൂ കമ്മിറ്റി ശുപാര്‍ശ അനുസരിച്ചാണ് നടപടി. മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ തുടരേണ്ടതില്ല എന്നാണ് ശുപാര്‍ശ. ഇതനുസരിച്ചാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. മുല്ലപ്പെരിയാറില്‍ ഇനി തീരുമാനങ്ങള്‍ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിര്‍ദേശമുണ്ട്. മരം മുറിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്കില്‍ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.
🔳വഖഫ് നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭരംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലി. വിഷയത്തില്‍ സമുദായം ഒറ്റക്കെട്ടാണെന്നും ഐക്യത്തില്‍ വിളളല്‍ വിഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളില്‍ തൊട്ടുകളിക്കേണ്ടെന്ന മുന്നറിയിപ്പാണ് വഖഫ് റാലിയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
🔳സംസ്ഥാനത്ത് 79 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. നേരത്ത 71 ബാച്ച് അനുവദിക്കും എന്നായിരുന്നു അറിയിപ്പ്. സയന്‍സില്‍ 20 ബാച്ച് അധികം അനുവദിച്ചു. സ്‌കൂളുകളുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. 2021 ലെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇംപ്രൂവ്‌മെന്റിന് അവസരം. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി.
🔳സമരം ചെയ്താല്‍ കര്‍ശന നടപടിയെന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് തള്ളി ഇന്ന് മുതല്‍ എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരത്തിനുറച്ച് പി ജി ഡോക്ടര്‍മാര്‍. ഇതിനിടെ കോഴിക്കോടും, തൃശൂരും സമരം ചെയ്യുന്നവരെ ഹോസ്റ്റലുകളില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സമരം തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടിയെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.
🔳പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിച്ച് സര്‍ക്കാര്‍. മെഡിക്കല്‍ കോളേജുകളിലേക്ക് നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിച്ചു. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെ 373 പേര്‍ക്കാണ് നിയമനം ലഭിച്ചത്. പി.ജി ഡോക്ടര്‍മാരുടെ സമരത്തിലെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനം. പ്രധാന ആവശ്യത്തില്‍ തീരുമാനമായതിനാല്‍ പി.ജി ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചേക്കുമെന്നാണ് കരുതുന്നത്.
🔳കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌ക്കരണത്തില്‍ ധാരണയായി. പതിനൊന്നാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ അതേ ശമ്പള സ്‌കെയില്‍ കെഎസ്ആര്‍സിയിലും നടപ്പാക്കും. സാമ്പത്തിക ബാധ്യത മറികടക്കാന്‍ 45 വയസ്സ് പിന്നിട്ട ജീവനക്കാര്‍ക്ക് പകുതി ശമ്പളത്തിന് 5 വര്‍ഷം വരെ അവധി അനുവദിക്കുന്ന പദ്ധതിയും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചു. കുറഞ്ഞ ശമ്പളം 23,000 രൂപ ആക്കി ഉയര്‍ത്തുമെന്ന് മന്ത്രി അറിയിച്ചു. 2022 ജനുവരി മാസം മുതല്‍ പുതുക്കിയ ശമ്പളം നല്‍കിത്തുടങ്ങും.
🔳പറവൂര്‍ മണ്ഡലത്തിലെ ഡി.എല്‍.പി. ബോര്‍ഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച സ്ഥലം എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശനെ നന്ദി അറിയിച്ച് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജനങ്ങള്‍ക്ക് ഏറെ ഗുണം ലഭിക്കുന്ന ഈ പ്രവര്‍ത്തനത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവിന് നന്ദി അറിയിക്കുന്നു, മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഡിഫക്ട് ലയബിലിറ്റി പീരിയഡ് അഥവാ പരിപാലന കാലാവധി സൂചിപ്പിക്കുന്നവയാണ് ഡി.എല്‍.പി. ബോര്‍ഡുകള്‍.
🔳ഇന്ത്യയിലെ മികച്ച പൊലീസ് എന്ന ഖ്യാതിയുള്ള കേരള പൊലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡിജിപി അനില്‍ കാന്ത്. വിദ്യാഭ്യാസ സമ്പന്നരായ ഏവരുടെയും ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാകണം. ‘തരംതാണ ഭാഷാപ്രയോഗം’ പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു. കേരള പൊലീസ് അക്കാദമിയിലെ പരിശീലനാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളില്‍ നിന്ന് മറ്റുള്ളവരെന്താണോ പ്രതീക്ഷിയ്ക്കുന്നത്, അതുപോലെ നമ്മളും പെരുമാറണം. ജീവിതാവസാനം വരെ കായിക ക്ഷമത നിലനിര്‍ത്തണമെന്നും പൊലീസ് പ്രൊഫഷണലിസം പ്രാവര്‍ത്തികമാക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔳പ്രമുഖ ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ പുറത്തെത്തി. രണ്ടുകൊല്ലത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും.
🔳ചുവപ്പ് തൊപ്പിയിട്ടവര്‍ക്ക് അധികാരക്കൊതി മാത്രമാണെന്നും, അഴിമതി നടത്താനും തീവ്രവാദികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുമാണ് ഇവര്‍ അധികാരം ഉപയോഗിക്കുന്നതെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത്. ചുവപ്പ് വിപ്ലവത്തിന്റെയും, വികാരങ്ങളുടെയും, മാറ്റത്തിന്റെയും നിറമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. വികാരങ്ങള്‍ തിരിച്ചറിയാന്‍ ബിജെപിക്ക് കഴിയില്ല. ഉത്തര്‍പ്രദേശില്‍ ഇത്തവണ മാറ്റം സംഭവിക്കാന്‍ പോവുകയാണെന്ന് അവര്‍ക്ക് അറിയാമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
🔳നഗരത്തിലെ മാംസാഹാരം വില്‍ക്കുന്ന ഭക്ഷണശാലകള്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അടച്ചുപൂട്ടിയതിനെതിരെ കടുത്ത വിമര്‍ശനവുമായി ഗുജറാത്ത് ഹൈക്കോടതി. അടുത്തിയിടെ, കോര്‍പ്പറേഷന്‍ ചില സ്റ്റാളുകള്‍ പൂട്ടിച്ചതും പിടിച്ചെടുത്തതും സംബന്ധിച്ചുള്ള ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ബൈരന്‍ വൈഷ്ണവ് കടുത്ത ഭാഷയില്‍ നടപടിയെ വിമര്‍ശിച്ചത്. ഒരാള്‍ അവരുടെ വീടിന് പുറത്ത് നിന്ന് എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുമോയെന്ന് പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. നിങ്ങള്‍ക്ക് മാംസാഹാരം ഇഷ്ടമല്ല, അത് നിങ്ങളുടെ വീക്ഷണമാണ്. ഞാന്‍ പുറത്ത് എന്ത് കഴിക്കണമെന്ന് നിങ്ങള്‍ക്ക് എങ്ങനെ തീരുമാനിക്കാനാകും? കോടതി ചോദ്യമുന്നയിച്ചു.
🔳കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് കണക്കുകള്‍. ഒക്ടോബര്‍ 31 വരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എടുത്തിട്ടുള്ള കേസുകളുടെ വിവരങ്ങളാണ് ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ പുറത്ത് വിട്ടത്. രാജ്യത്ത് മനുഷ്യാവകാശ ലംഘന കേസുകള്‍ കൂടുന്നുണ്ടോയെന്ന് ഡിഎംകെ എംപി എം ഷണ്‍മുഖം രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു.
🔳ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവൃത്തി സമയം രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവില്‍വരിക. ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്റേതാണ് തീരുമാനം. യു.എ.ഇ ജനുവരി ഒന്ന് മുതല്‍ ആഴ്ചയിലെ പ്രവൃത്തിസമയം നാലരദിവസമായി ചുരുക്കിയപ്പോള്‍ ഷാര്‍ജ വെള്ളിയാഴ്ച കൂടി പൂര്‍ണ അവധി നല്‍കുകയായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവുമായി യുഎഇ അവധി പുനക്രമീകരിച്ചിരുന്നത്. എന്നാല്‍ ഷാര്‍ജ ഭരണകൂടം വെള്ളിയാഴ്ച മുഴുവന്‍ അവധി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
🔳വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് തോല്‍വി. രാജകോട്ടില്‍ 41 റണ്‍സിന്റെ തോല്‍വിയാണ് രണ്ടാം മത്സരത്തില്‍ കേരളം ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശ് വെങ്കടേഷ് അയ്യുടെ സെഞ്ചുറി കരുത്തില്‍ 330 റണ്‍സാണ് നേടിയത്. 82 റണ്‍സെടുത്ത ശുഭം ശര്‍മ മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ കേരളത്തിന് 49.4 ഓവറില്‍ 289 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയപ്പോള്‍ 67 റണ്‍സെടുത്ത സച്ചിന്‍ ബേബിയും , 66 ണ്‍സെടുത്ത രോഹന്‍ കുന്നുമ്മേലും മാത്രമാണ് കേരളത്തിനായ് തിളങ്ങിയത്.
🔳ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തു നിന്ന് വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മക്ക് ചുമതല നല്‍കാനുള്ള കാരണം തുറന്നു പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി . വിരാട് കോലി ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച സ്ഥിതിക്ക് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് നായകന്‍മാര്‍ എന്നത് ഉചിതമല്ലാത്തതിനാലാണ് കോലിക്ക് പകരം ഏകദിനങ്ങളിലും രോഹിതിനെ നായകനായി തെരഞ്ഞെടുത്തതെന്ന് ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ ഏഎന്‍ഐയോട് പറഞ്ഞു.
🔳ഐഎസ്എല്ലില്‍ ജംഷഡ്പൂരിന്റെ തുടര്‍ജയങ്ങള്‍ക്ക് തടയിട്ട് വമ്പന്‍ ജയവുമായി മുംബൈ സിറ്റി എഫ്‌സി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. ആദ്യ പകുതിയില്‍ മുംബൈ രണ്ട് ഗോളിന് മുന്നിലായിരുന്നു. അഞ്ച് കളികളില്‍ നാലു ജയമുള്ള മുംബൈ 12 പോയന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ തോറ്റെങ്കിലും എട്ട് പോയന്റുള്ള ജംഷഡ്പൂര്‍ തന്നെയാണ് രണ്ടാം സ്ഥാനത്ത്.
🔳കേരളത്തില്‍ ഇന്നലെ 66,715 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 52 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 173 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,239 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4357 പേര്‍ രോഗമുക്തി നേടി. ഇതോടെ 40,546 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂര്‍ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂര്‍ 287, പത്തനംതിട്ട 172, മലപ്പുറം 161, പാലക്കാട് 142, ആലപ്പുഴ 141, ഇടുക്കി 140, വയനാട് 98, കാസര്‍ഗോഡ് 94.
🔳ആഗോളതലത്തില്‍ ഇന്നലെ 5,75,510 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 94,218 പേര്‍ക്കും ഇംഗ്ലണ്ടില്‍ 50,867 പേര്‍ക്കും റഷ്യയില്‍ 30,209 പേര്‍ക്കും തുര്‍ക്കിയില്‍ 19,696 പേര്‍ക്കും ഫ്രാന്‍സില്‍ 56,854 പേര്‍ക്കും ജര്‍മനിയില്‍ 16,295 പേര്‍ക്കും പോളണ്ടില്‍ 27,458 പേര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ 22,388 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.86 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.16 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,546 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 843 പേരും റഷ്യയില്‍ 1,181 പേരും പോളണ്ടില്‍ 562 പേരും ഉക്രെയിനില്‍ 465 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.01 ലക്ഷമായി.
🔳പേടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള പേടിഎം പേയ്‌മെന്റ് ബാങ്കിന് ഇനി മുതല്‍ ഷെഡ്യൂള്‍ ബാങ്ക് പദവി. ആര്‍.ബി.ഐ അംഗീകാരം ലഭിച്ചതോടെ ഇനി മുതല്‍ ഷെഡ്യൂള്‍ഡ് ബാങ്കായി പ്രവര്‍ത്തിക്കുമെന്നും കൂടുതല്‍ സേവനങ്ങള്‍ നല്‍കുമെന്നും പേടിഎം അറിയിച്ചു. ഷെഡ്യൂള്‍ഡ് ബാങ്കായതോടെ വന്‍കിട കോര്‍പ്പറഷനുകളുടേയും സര്‍ക്കാറിന്റെയും റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസലില്‍ പേടിഎം പേയ്‌മെന്റ് ബാങ്കിനും ഭാഗമാവാം. പ്രൈമറി ഓക്ഷന്‍, ഫിക്‌സഡ് റേറ്റ്, മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് സംവിധാനം എന്നിവക്കും പേടിഎം പേയ്‌മെന്റ് ബാങ്കിന് അര്‍ഹതയുണ്ട്.
🔳കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകം വീടിനുള്ളില്‍ ഒതുങ്ങിയപ്പോള്‍, 2021 ല്‍ മൊബൈല്‍ ആപ്പുകള്‍ക്കായി ഉപഭോക്താക്കള്‍ ചെലവിട്ടത് 135 ബില്യണ്‍ ഡോളര്‍ (ഏകദേശം 10.18 ലക്ഷം കോടി രൂപ)! മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം അധികമാണിത്. ആപ്പ് ഡൗണ്‍ലോഡിന്റെ കാര്യത്തിലും വലിയ വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷം വിവിധ ആപ്പുകള്‍ 140 ശതകോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. പ്രമുഖ മൊബൈല്‍ ഡാറ്റ ആന്‍ഡ് അനലിറ്റിക്സ് പ്ലാറ്റ്ഫോമായ ആപ്പ്ആനിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. വീഡിയോ ഷെയറിംഗ്, എഡിറ്റിംഗ് ആപ്പുകളാണ് ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയിരിക്കുന്നത്.
🔳ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതുമായ ട്വീറ്റ് ഏതാണെന്ന് വെളിപ്പെടുത്തി ട്വിറ്റര്‍. തെന്നിന്ത്യന്‍ താരം വിജയിയുടെ ട്വീറ്റാണ് ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതും. തന്റെ പുതിയ ചിത്രമായ ‘ബീസ്റ്റി’ന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചു കൊണ്ടുള്ള നടന്റെ ട്വീറ്റ് ആണിത്. ജൂണിലായിരുന്നു വിജയ് ഈ ട്വീറ്റ് ഷെയര്‍ ചെയ്തത്. പോസ്റ്റിന് 3.42 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിക്കുകയും പതിനായിരത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തുവെന്ന് ട്വിറ്റര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും വിജയിയുടെ ട്വീറ്റ് തന്നെയായിരുന്നു ഒന്നാമതെത്തിയത്.
🔳പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് യുവ നടി അനശ്വര രാജന്‍. അനശ്വര രാജന്‍ ചിത്രമായ ‘സൂപ്പര്‍ ശരണ്യ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍. ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത്. ‘സൂപ്പര്‍ ശരണ്യ’യെന്ന ചിത്രം കലാലയ ജീവിതത്തിന് പ്രാധാന്യം നല്‍കിയുള്ളതായിരിക്കും.
🔳ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ‘ഥാര്‍’ ഭക്തരില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ അവസരം. കാണിക്കയായി ലഭിച്ച ‘ഥാര്‍’ പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബര്‍18 ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്കാണ് പരസ്യ ലേലം നടത്തുക. തുലാഭാരത്തിനുള്ള ചന്ദനം, വെളളി നിരക്കുക്കുകള്‍ കുറയ്ക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്യുവി ഥാര്‍ ലഭിച്ചത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍.
🔳പ്രേമവും രതിയും ദര്‍ശനവും ആത്മബോധവുമെല്ലാം ഇഴചേര്‍ന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുള്‍ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്‌ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവല്‍ വെളിപ്പെടുത്തുന്നുണ്ട്. ബിനീഷ് പുതുപ്പണം. ഡിസി ബുക്സ്. വില 170 രൂപ.
🔳തിരക്ക് പിടിച്ച ജീവിതരീതികളുടെ ഫലമായി ഇന്ന് മിക്കവരും പതിവായി മാനസിക സമ്മര്‍ദ്ദം നേരിടുന്നു. ഉറങ്ങുന്നത് കൊണ്ട് മാത്രം ‘സ്‌ട്രെസ്’ ഇല്ലാതാകില്ല. മനുഷ്യര്‍ക്ക് ഏഴ് തരത്തിലുള്ള വിശ്രമം ആവശ്യമാണ്. ഇവയെല്ലാം ഉണ്ടെങ്കില്‍ മാത്രമേ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പൂര്‍ണമായി രക്ഷ നേടാന്‍ കഴിയൂ. ആദ്യത്തേത് ശരീരത്തിന്റെ വിശ്രമം തന്നെയാണ്. ശരീരത്തിന് എപ്പോഴും മതിയായ വിശ്രമം നല്‍കണം. ഇത് നല്‍കിയില്ലെങ്കില്‍ ക്ഷീണം, കണ്‍പോളകളില്‍ കനം, തലവേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. ശരീരത്തിന് രണ്ട് തരത്തില്‍ വിശ്രമം നല്‍കാം. ഒന്ന് ഉറക്കം, രണ്ട് ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെയുള്ള വിശ്രമം. ഒരുപക്ഷേ ഈ സമയത്ത് യോഗയോ മറ്റോ പരിശീലിക്കുകയും ആവാം. രണ്ടാമതായി വരുന്ന വിശ്രമം, ക്രിയാത്മകമായ വിശ്രമമാണ്. ഇത്തരക്കാര്‍ ചെറിയൊരു നടത്തത്തിലൂടെയോ, ‘ഗാര്‍ഡനിംഗ്’ പോലുള്ള വിനോദങ്ങളിലൂടെയോ മനസിന് വിശ്രമം നല്‍കേണ്ടതാണ്. സമാധാനമായ അന്തരീക്ഷമാണ് മനസിന്റെ വിശ്രമത്തിന് ആവശ്യം. സമ്മര്‍ദ്ദം നല്‍കുന്ന ജോലികളില്‍ നിന്ന് ഇടവേളയെടുത്ത് സമാധാനം നല്‍കുന്ന അന്തരീക്ഷത്തില്‍ അല്‍പനേരം ചെലവിടുക. മറ്റ് തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മാറിനില്‍ക്കുകയും ആവാം. ശരീരത്തിന് വിശ്രമം ഉറപ്പിക്കുന്നതിനൊപ്പം സദാസമയവും നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്ണുകള്‍, കാതുകള്‍, മൂക്ക്, ചെവികള്‍ എന്നിവയ്ക്കും വിശ്രമം ഉറപ്പ് വരുത്തണം. ഗാഡ്‌ഗെറ്റുകളുടെ അമിതോപയോഗം ഒഴിവാക്കുക. അതുപോലെ എപ്പോഴും ശബ്ദങ്ങളുടെ ഇടയില്‍ തുടരരുത്. മറ്റ് അവയവങ്ങളുടെ കാര്യത്തിലും ഈ വിശ്രമം ഉറപ്പാക്കുക. സന്തോഷം തോന്നുന്ന സൗഹൃദങ്ങളുടെ കൂടെ സമയം ചെലവിടുക. വിനോദപരിപാടികളുമായി മുന്നോട്ട് പോവുക. ആത്മീയമായ വിശ്രമം ആവശ്യമായവരും ഉണ്ട്. ചില സമയങ്ങളില്‍ സ്‌നേഹത്തിനും. മനസിലാക്കലിനും, അംഗീകാരത്തിനും വേണ്ടി മനുഷ്യര്‍ക്ക് അതിയായ കൊതി തോന്നാം. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മളെ മനസിലാകുമെന്ന് ഉറപ്പുള്ള, സമാനമായ ചിന്താഗതിയുള്ളവര്‍ക്കൊപ്പം ചേരാം. ഈ ഒത്തുചേരലില്‍ നിറവും സംതൃപ്തിയും അനുഭവപ്പെടാം. ഇത് വളരെ പ്രധാനമാണ്.
*ശുഭദിനം*
1903. എഡ്വേര്‍ഡ് ബെനഡിക്ട്‌സ് എന്ന ഫ്രഞ്ച് രസതന്ത്രശാസ്ത്രജ്ഞന്‍ തന്റെ പണിപ്പുരയില്‍ തിരക്കിട്ട പരീക്ഷണങ്ങളിലായിരുന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ കൈതട്ടി മേശപ്പുറത്തിരുന്ന ചില്ലുപാത്രം താഴെവീണു. ചില്ലുപാത്രം നിലത്ത് വീണിട്ടും അത് പൊട്ടിച്ചിതറുന്ന ശബ്ദമൊന്നും കേട്ടില്ലല്ലോ എന്നാലോചിച്ച് നിലത്ത് നോക്കിയ ബെനെഡിക്റ്റ് അത്ഭുതപ്പെട്ടുപോയി. പാത്രം പൊട്ടിയിട്ടുണ്ട്. പക്ഷേ, ചിതറിയിട്ടില്ല. പൊട്ടിയ കഷ്ണങ്ങളെല്ലാം പരസ്പരം ഒട്ടിപ്പിടിച്ചുനില്‍ക്കുന്നു. സെല്ലുലോസ് നൈട്രേറ്റ് എന്ന പദാര്‍ത്ഥം വച്ചിരുന്ന പാത്രമായിരുന്നു താഴെ വീണ് പൊട്ടിയത്. ഈ ചില്ലിനെ പൊട്ടിച്ചിതറാതെ ഒട്ടിപ്പിടിച്ചുവെച്ചിരിക്കുന്നത് ഈ സെല്ലുലോസ് നൈട്രേറ്റാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വാഹനങ്ങളുടേയും മറ്റും ചില്ല് തകര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ക്ക് പ്രതിവിധിയായി ഈ അബ്ധകണ്ടുപിടുത്തത്തെ വികസിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ രണ്ട് ചില്ലുപാളികള്‍ക്കിടയില്‍ സെല്ലുലോസ് നൈട്രേറ്റ് വെച്ച് അദ്ദേഹം ‘ സാന്‍ഡ് വിച്ച്’ ഗ്ലാസ്സ് ഉണ്ടാക്കി. ലോകമെമ്പാടുമുള്ള വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പൊട്ടിച്ചിതറാത്ത സേഫ്ടിഗ്ലാസ്സിന്റെ ആദ്യരൂപം അവിടെ ജനിക്കുകയായിരുന്നു. ജീവിതം ആകസ്മികതകള്‍ നിറഞ്ഞതാണ്. അതിന് കാലമില്ല, രൂപമില്ല, ഭാവമില്ല. എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാം. പക്ഷേ, സംഭവിക്കുന്ന ആ ആകസ്മികതകളെ അവസരമാക്കി മാറ്റുന്നിടത്താണ് കാലം വിജയത്തിന്റെ വാതില്‍ നമുക്ക് മുന്നില്‍ തുറന്നിടുന്നത്. ഓരോ വെല്ലുവിളിയും ഏറ്റെടുക്കുക, ഓരോ തടസ്സങ്ങളേയും അവസരങ്ങളാക്കിമാറ്റുക