ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൂനൂര്‍ ഹെലിക്കോപ്ടര്‍ അപകടത്തില്‍ ജീവന്‍ വെടിഞ്ഞ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയുമുള്‍പ്പെടെ 11 ധീര സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ എത്തിയാണ് പ്രധാമന്ത്രി ആദരമര്‍പ്പിച്ചത്. അപകടത്തില്‍ മരണമടഞ്ഞ സൈനികരുടെ കുടംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അന്ത്യോപചാരം. പാലം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്വീകരിച്ചു.

നേരത്തേ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് നേരത്തേയാണ് പ്രധാനമന്ത്രി അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. പുഷ്പ ചക്രം സമര്‍പ്പിച്ച ശേഷം മരണമടഞ്ഞ എല്ലാ സൈനികരുടേയും മൃതദേഹങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മരിച്ച സൈനികരുടെ കുടുംബങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.

പ്രധാനമന്ത്രിക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സിംഗും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൂന്ന് സൈന്യങ്ങളുടേയും തലവന്മാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. എന്നാല്‍, രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനായ രാഷ്ട്രപതി അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പാലം വിമാനത്താവളത്തില്‍ എത്തിയില്ല.