പ്രഭാത വാർത്തകൾ

 

🔳രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയില്‍നിന്ന് മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ വിട്ടുനിന്നതില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടിയില്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് പുറമേ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു എന്നിവരും പങ്കെടുത്തിരുന്നില്ല. പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ നെഹ്‌റുവിന്റെ ജന്മവാര്‍ഷിക പരിപാടിയില്‍ അസാധാരണമായ സംഭവങ്ങളാണ് നടന്നതെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഇതിലും മോശമായി കാര്യങ്ങള്‍ ചെയ്യാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

🔳സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. റെഡ് അലര്‍ട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തുടര്‍ച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

🔳സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കാസര്‍കോട്, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും കേരളാ സര്‍വകലാശാലയും ഇന്ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലകളിലെ സാഹചര്യമനുസരിച്ച് കൂടുതല്‍ ജില്ലകളില്‍ ഭാഗീകമായും പൂര്‍ണമായും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുന്നുണ്ട്.

🔳മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. തൃശ്ശൂര്‍ ജില്ലയില്‍ ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദര്‍ശകരെ കര്‍ശനമായി വിലക്കിയിട്ടുണ്ട്. അതിരപ്പിള്ളി ഉള്‍പ്പെടെ ടൂറിസം കേന്ദ്രങ്ങളില്‍ രണ്ട് ദിവസത്തേക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. മലയോര പ്രദേശങ്ങളിലൂടെ രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെയുള്ള യാത്രയ്ക്കും വിലക്കേര്‍പ്പെടുത്തി. ക്വാറി പ്രവര്‍ത്തനം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

🔳തലസ്ഥാന ജില്ലയില്‍ അതിശക്തമായ മഴയുണ്ടായിട്ടും നഗരത്തില്‍ ഒരിടത്തും വെള്ളക്കെട്ടില്ലാത്തത് നഗരസഭയുടെ പ്രവര്‍ത്തനമികവെന്ന് വാഴ്ത്തി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്ത്. മുന്‍പ് ചെറിയൊരു മഴ ഉണ്ടായാല്‍ തന്നെ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളായിരുന്ന തമ്പാനൂരും കിഴക്കേകോട്ടയിലും പോലും ഇക്കുറി വെള്ളകെട്ടുണ്ടായില്ലെന്ന് ആനാവൂര്‍ ചൂണ്ടികാട്ടി. ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണമടക്കം നഗരസഭയും സംസ്ഥാനസര്‍ക്കാരും നടത്തിയ പ്രവത്തനങ്ങളാണ് വെള്ളക്കെട്ടില്‍ നിന്ന് തമ്പാനൂരിനെയും നഗരത്തെയും രക്ഷിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

🔳അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ശബരിമല നട തുറക്കുമ്പോള്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ പ്രവേശിക്കുന്നത് ഇന്നത്തെ അവസ്ഥയില്‍ പ്രയാസം സൃഷ്ടിക്കും. മഴ ശക്തമായതിനാല്‍ നദിയില്‍ കലക്കവെള്ളമാണുള്ളത്. കുടിവെള്ളത്തിനും കുളിക്കാനുള്ള വെള്ളത്തിനും ലഭ്യതക്കുറവുണ്ടാകും. അതിനാല്‍ അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാസ്നാനവും അനുവദിക്കില്ല.

🔳മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. വൈകിട്ട് ആറ് മണിക്ക് ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കും. വൃശ്ചികം ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി. പ്രതിദിനം മുപ്പതിനായിരം പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കുക. കാലവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. ഈ ദിവസങ്ങളില്‍ പമ്പ സ്നാനം അനുവദിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഭക്തര്‍ക്ക് പ്രവേശനം. കാനന പാത അനുവദിക്കില്ല.

🔳ശബരിമല ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സംസ്ഥാനത്തെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍. തങ്ങളോട് കാട്ടുന്നത് കടുത്ത ചൂഷണമാണെന്ന് കുറ്റപ്പെടുത്തിയാണ് കേരള മെഡിക്കല്‍ പിജി അസോസിയേഷന്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒഴിവുകള്‍ നികത്താതെ സ്പെഷ്യലിസ്റ്റുകള്‍ എന്ന പേരില്‍ തങ്ങളെ നിയമിച്ച് ചൂഷണം ചെയ്യുകയാണ് സര്‍ക്കാര്‍ എന്ന് ഇവര്‍ ആരോപിച്ചു. മതിയായ പിജി യോഗ്യതകളുള്ള ഡോക്ടര്‍മാരെ ശബരിമല ഡ്യൂട്ടിക്ക് നിയമിക്കാതെ പിജി വിദ്യാര്‍ത്ഥികളെ നിയമിച്ച് ഗിമ്മിക്ക് കാട്ടുകയാണ് അധികാരികളെന്നും കേരള മെഡിക്കല്‍ പിജി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

🔳ശബരിമല ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സംസ്ഥാനത്തെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തതിന് പിന്നാലെ പിജി വിദ്യാര്‍ത്ഥിയെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ച ആരോഗ്യവകുപ്പ് ഉത്തരവ് പിന്‍വലിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കുകയും ചെയ്തു.

🔳മുല്ലപ്പെരിയാര്‍ മരംമുറി വിവാദത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് എന്‍ സി പി സംസ്ഥാന നേതൃത്വം. എന്നാല്‍ ഉദ്യോഗസ്ഥരെ കയറൂരിവിടരുതെന്നും കാര്യക്ഷമമായ ഇടപെടല്‍ ഉടനടി ഉണ്ടാകണമെന്നും സംസ്ഥാന നേതൃത്വം മന്ത്രിയോട് ആവശ്യപ്പെട്ടു. മരംമുറി വിവാദത്തില്‍ സംഭവിച്ചതെല്ലാം മന്ത്രി വിശദീകരിച്ചെന്ന് സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ അറിയിച്ചു.

🔳2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ സഖ്യം സംബന്ധിച്ച് ഒരോ സംസ്ഥാനത്തിനും തീരുമാനമെടുക്കാമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. അതാത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം. അതേ സമയം, അനാരോഗ്യവും മകന്‍ ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് കേസുമായും ബന്ധപ്പെട്ട് ചുമതലകളില്‍ നിന്നും മാറി നില്‍ക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവിലും പിബി തീരുമാനമെടുത്തില്ല. ഇക്കാര്യത്തിലും സംസ്ഥാന തലത്തില്‍ തീരുമാനമെടുത്ത ശേഷം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് നിര്‍ദ്ദേശം.

🔳ലളിതകലാ അക്കാദമി നല്‍കിയ കാര്‍ട്ടൂണ്‍ പുരസ്‌ക്കാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാജ്യത്തെ അവഹേളിക്കുന്ന രാജ്യദ്രോഹപരമായ ഒരു കാര്‍ട്ടൂണിന് സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

🔳ഇ.ഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സുമായി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ രണ്ട് വര്‍ഷമാണ് കേന്ദ്ര ഏജന്‍സികളുടെ തലവന്മാരുടെ കാലാവധി. ഇതുസംബന്ധിച്ച രണ്ട് ഓര്‍ഡിനന്‍സുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഓര്‍ഡിനന്‍സ് പ്രകാരം കേന്ദ്ര ഏജന്‍സികളുടെ തലവന്മാരുടെ കാലാവധി രണ്ട് വര്‍ഷത്തിനുശേഷം ഓരോ വര്‍ഷം വീതം മൂന്ന് തവണ നീട്ടാം.

🔳ദില്ലിയില്‍ വായു മലിനീകരണം ഗുരുതരമായി തന്നെ തുടരുന്നു. ഇന്നലെ വായു നിലവാര സൂചിക 400 ല്‍ താഴെയായി കുറഞ്ഞെങ്കിലും ഇന്ന് കൂടാനാണ് സാധ്യത. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയില്‍ സ്‌കൂളുകള്‍ അടക്കുന്നത് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ ഇന്ന് സുപ്രീംകോടതി പരിശോധിക്കും. മലിനീകരണം തടയാന്‍ കര്‍ശന നടപടി വേണമെന്ന് ശനിയാഴ്ച കോടതി കേന്ദ്ര സര്‍ക്കാരിനോടും ദില്ലി സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദ്ദേശം.

🔳വായു മലിനീകരണം രൂക്ഷമായതോടെ നാല് ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചിട്ട് ഹരിയാനയും . ഒപ്പം തന്നെ ഈ ജില്ലകളിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഹരിയാന തീരുമാനിച്ചു. ദേശീയ തലസ്ഥാനമായ ദില്ലിയുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകളിലാണ് ഹരിയാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഏഴു ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍.

🔳കൊലപാതകങ്ങളും അക്രമവുമായി ഫിലിപ്പീന്‍സിനെ ഇളക്കിമറിച്ച പ്രസിഡന്റ് റോഡ്രിഗോ ദുതേര്‍തെ സജീവ രാഷ്ട്രീയം വിടുന്നു എന്ന പ്രഖ്യാപനം ആ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയിരുന്നത്. എന്നാല്‍, ആ ആശ്വാസത്തിന് വലിയ ആയുസ്സില്ല എന്നാണ് പുതിയ വാര്‍ത്ത. അച്ഛനു പിന്നാലെ റോഡ്രിഗോയുടെ മകള്‍ രാഷ്്രടീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇളയ മകള്‍ സാറ ദുതേര്‍തെയാണ് അധികാരം കുടുംബത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കച്ചകെട്ടിയിറങ്ങിയത്. വരുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണ് സാറ. മുന്‍ പ്രസിഡന്റ് ഗ്ലോറിയോ അറോയോയുടെ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്ന സാറ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ഏകാധിപതിയായ ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ മകനെതിരെയാണ് മാറ്റുരയ്ക്കുന്നത്.

🔳ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍ യുഗത്തിന് കളമൊരുങ്ങുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി വി.വി.എസ് ലക്ഷ്മണ്‍ ചുമതലയേല്‍ക്കാനൊരുങ്ങുന്നതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മൂവരും വീണ്ടും ഒന്നിക്കുന്നത്. എന്‍സിഎ തലവനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതോടെയാണ് ലക്ഷ്മണ്‍ ആ സ്ഥാനത്തേക്കെത്തുന്നത്.

🔳ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍ ത്രിമൂര്‍ത്തികളുടെ വെടിക്കെട്ടില്‍ ടി20 ലോകകപ്പില്‍ ടീമിന്റെ കന്നിക്കിരീടം ചൂടി ആരോണ്‍ ഫിഞ്ചിന്റെ ഓസ്‌ട്രേലിയ. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം വേദിയായ ടി20 ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിന്റെ സ്വപ്നങ്ങള്‍ എട്ട് വിക്കറ്റിന് അരിഞ്ഞുവീഴ്ത്തിയാണ് ഓസ്‌ട്രേലിയ കുട്ടിക്രിക്കറ്റിന്റെ പുതിയ രാജാക്കന്‍മാരായത്. 173 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം മൂവര്‍സംഘത്തിന്റെ സംഹാരതാണ്ഡവത്തില്‍ ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഏഴ് പന്ത് ബാക്കിനില്‍ക്കേ നേടുകയായിരുന്നു. 50 പന്തില്‍ നിന്ന് 4 സിക്‌സും 6 ഫോറുമടക്കം 77 റണ്‍സെടുത്ത മാര്‍ഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. മാര്‍ഷ് തന്നെയാണ് കളിയിലെ താരവും. വാര്‍ണര്‍ 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാലു ഫോറുമടക്കം 53 റണ്‍സെടുത്തു. ഏഴ് മത്സരത്തില്‍ നിന്ന് 289 റണ്‍സെടുത്ത വാര്‍ണറാണ് ടൂര്‍ണമെന്റിന്റെ താരവും. നേരത്തെ 48 പന്തുകള്‍ നേരിട്ട കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ മൂന്ന് സിക്‌സും 10 ഫോറുമടക്കം 85 റണ്‍സെടുത്തിരുന്നു.

🔳കേരളത്തില്‍ ഇന്നലെ 63,463 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,750 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 341 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7228 പേര്‍ രോഗമുക്തി നേടി. ഇതോടെ 67,185 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂര്‍ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂര്‍ 376, വയനാട് 335, പാലക്കാട് 287, ഇടുക്കി 269, മലപ്പുറം 251, പത്തനംതിട്ട 244, ആലപ്പുഴ 218, കാസര്‍ഗോഡ് 110.

🔳ആഗോളതലത്തില്‍ ഇന്നലെ 3,34,038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 19,443 പേര്‍ക്കും ഇംഗ്ലണ്ടില്‍ 36,517 പേര്‍ക്കും റഷ്യയില്‍ 38,823 പേര്‍ക്കും തുര്‍ക്കിയില്‍ 21,624 പേര്‍ക്കും ജര്‍മനിയില്‍ 29,048 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.36 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.92 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,229 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 110 പേരും റഷ്യയില്‍ 1,219 പേരും ഉക്രെയിനില്‍ 403 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.14 ലക്ഷമായി.

യൂ ട്യൂബ് വീഡിയോകള്‍ക്കുള്ള ഡിസ്ലൈക്കുകള്‍ മറച്ചുവയ്ക്കാന്‍ യൂ ട്യൂബ്. വീഡിയോകള്‍ക്ക് വരുന്ന ഡിസ്ലൈക്ക് വീഡിയോ അപ്ലോഡ് ചെയ്തവര്‍ക്ക് മാത്രമാകും ഇനി കാണാന്‍ കഴിയുക. മറ്റുള്ളവര്‍ക്ക് ഡിസ്ലൈക്ക് നല്‍കാന്‍ അവസരമുണ്ടെങ്കിലും ആകെ എത്ര ഡിസ് ലൈക്കുകള്‍ ഉണ്ടെന്നത് അടക്കമുള്ള വിവരങ്ങള്‍ കാണാന്‍ കഴിയില്ല. വീഡിയോകള്‍ക്കെതിരെ ഡിസ്ലൈക്ക് ക്യാംപയിനുകള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത് വീഡിയോ ക്രിയേറ്റര്‍മാരെ ബാധിക്കുന്നുണ്ടെന്നാണ് യുട്യൂബിന്റെ കണ്ടെത്തല്‍. ഈ ആക്രമണങ്ങള്‍ തടയുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ പരിഷ്‌കാരം യൂട്യൂബ് നടപ്പിലാക്കുന്നത്.

🔳ആമസോണ്‍ പ്രൈം ഒരു പുതിയ ക്ലിപ്പ്-ഷെയറിംഗ് ഫീച്ചര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ആമസോണ്‍ പ്രൈമില്‍ ഒരു സീരീസോ സിനിമയോ കാണുമ്പോള്‍, സ്‌ക്രീനിന്റെ താഴെയുള്ള ഒരു ‘ഒരു ക്ലിപ്പ് ഷെയറിങ്’ ബട്ടണ്‍ കാണും. ഇതില്‍ അമര്‍ത്തിയാല്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തുകയും ഒരു ക്ലിപ്പ് തുറക്കുകയും എഡിറ്റ് ചെയ്യുകയും സ്‌ക്രീന്‍ ഷെയര്‍ ചെയ്യുകയും ചെയ്യും. എഡിറ്റിംഗ് വിന്‍ഡോ തുറന്നാല്‍, തിരഞ്ഞെടുത്ത വീഡിയോയുടെ 30 സെക്കന്‍ഡ് ക്ലിപ്പ് പ്രൈം സൃഷ്ടിക്കും. ഫൈന്‍-ട്യൂണിലേക്ക് ക്ലിപ്പ് മുന്നോട്ടും പിന്നോട്ടും നീക്കാം. എഡിറ്റ് ചെയ്ത് പൂര്‍ത്തിയാകുമ്പോള്‍, സ്‌ക്രീനിലെ ”പങ്കിടുക” ഐക്കണില്‍ ടാപ്പ് ചെയ്യുക. ഇത് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍, ഐമെസേജ്, മെസഞ്ചര്‍, വാട്ട്‌സ്ആപ്പ് എന്നിവ വഴി അപ്ലോഡ് ചെയ്യാം.

🔳’ഹലാല്‍ ലൗ സ്റ്റോറി’ എന്ന ചിത്രത്തിനു ശേഷം സക്കറിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന ‘മോമോ ഇന്‍ ദുബായ്’ എന്ന ചില്‍ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ശിശുദിനത്തില്‍ പുറത്തിറക്കിയിരിക്കുന്ന പോസ്റ്ററില്‍ ഒരു കുട്ടിയുടെ പിറന്നാള്‍ ആഘോഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോമോ ഇന്‍ ദുബായ്’. സക്കറിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം.

🔳അന്തര്‍ദേശീയ ചലച്ചിത്രമേളകളിലൂടെ പ്രേക്ഷകരിലേക്കെത്താനൊരുങ്ങുന്ന ‘ആത്മപ്രയാണം’ എന്ന ഹ്രസ്വചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ‘കടത്തല്‍ കാരന്‍’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ മലയാളി സംവിധായകന്‍ എസ് കുമാര്‍ എന്ന സനല്‍കുമാര്‍ ആണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ആത്മീയത നല്‍കുന്ന സാന്ത്വനത്തെക്കുറിച്ചുള്ളതാണ് ചിത്രം. ദുര്‍ഗ മനോജിന്റേതാണ് രചന.

🔳ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ സിബി150എക്സ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച സിബി200എക്സ് ന് താഴെയായിരിക്കും ഈ മോഡലിന്റെ സ്ഥാനം. 149 സിസി, ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 9,000 ആര്‍പിഎമ്മില്‍ 16.5 ബിഎച്ച്പി പരമാവധി കരുത്തും 7,000 ആര്‍പിഎമ്മില്‍ 13.8 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. ആറ് സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ട്രാന്‍സ്മിഷനുമായാണ് ഈ എഞ്ചിന്‍ വരുന്നത്. ഏകദേശം 1.67 ലക്ഷം മുതല്‍ ഇന്ത്യന്‍ രൂപയോളം വില വരും.

🔳ജീവിതത്തിലെ ആകസ്മികതകളുടെ പ്രത്യാഘാതങ്ങളനുഭവിക്കുന്നവരാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രങ്ങള്‍. വിധി കൗശലപൂര്‍വ്വം ഒരുക്കുന്ന പ്രതിസന്ധികളുടെ ചതിക്കുഴികളില്‍ നിന്ന് ദൃഢനിശ്ചയത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും കരുത്തോടെ കരകയറി ജീവിതത്തിന്റെ അടര്‍ക്കളത്തിലിറങ്ങുന്ന മൂന്നു സ്ത്രീകളുടെ അതിജീവനത്തിന്റെ കഥയാണിത്. ‘ഹൃദയജാലകം’. കലവൂര്‍ രവികുമാര്‍. ഗ്രീന്‍ ബുക്സ്. വില 242 രൂപ.

🔳ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നതു കുറയുന്നതു മൂലമോ ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവു മൂലമോ രക്തത്തില്‍ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്ന അവസ്ഥയാണു പ്രമേഹം. പാരമ്പര്യ ഘടകങ്ങളാണു പ്രമേഹത്തിന്റെ പ്രധാന കാരണമായിരുന്നത്. ഇന്ന് അതു മാറി. ജീവിത രീതികളും ഭക്ഷണവുമെല്ലാം മാറ്റം വരുത്തി എന്നുവേണം പറയാന്‍. അമിതവണ്ണവും ഭാരവുമെല്ലാം പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങള്‍ക്കു തകരാര്‍ സംഭവിച്ചാലും പ്രമേഹം വരാം. ഏതെങ്കിലും തരത്തിലുള്ള കടുത്ത അണുബാധ പിടിപെടുന്നവരിലാണ് ഈ സാധ്യതയുള്ളത്. രക്തക്കുഴലുകളിലെ പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം, വൈറസ് ബാധ എന്നിവയും കാരണമായേക്കാം. ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാന്‍ പാന്‍ക്രിയാസിനു കഴിയാതെ വരുന്നതു മൂലമുണ്ടാകുന്നതാണു ടൈപ് ഒന്ന് പ്രമേഹം. കുട്ടികളിലും പ്രായമായവരിലും ഒരുപോലെ ഇതു കണ്ടുവരുന്നു. ശരീരത്തില്‍ ഇന്‍സുലിന്റെ അളവു വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടുകയാണു പ്രതിവിധി. ഇന്‍സുലിനോടു ശരീര കോശങ്ങള്‍ക്കു പ്രതികരിക്കാനുള്ള കഴിവ് ഇല്ലാതാകുന്നതു മൂലമുണ്ടാകുന്നതാണ് ടൈപ്പ് 2 പ്രമേഹം. ക്രമേണ ഇന്‍സുലിന്റെ അളവു കുറയാനും ഇടയാകുന്നു. അമിതവണ്ണവും വ്യായാമം ഇല്ലായ്മയുമാണു കാരണമാകുന്നത്. 30 വയസ്സിനു മുകളിലുള്ളവരിലാണു സാധാരണ കണ്ടുവരാറുള്ളത്. ഗര്‍ഭാവസ്ഥയില്‍ പിടിപെടുന്ന പ്രമേഹമാണ് ‘ജെസ്റ്റേഷണല്‍ ഡയബറ്റിസ് മെല്ലിറ്റസ് (ജിഡിഎം). പൊതുവേ ഗര്‍ഭകാലത്തെ പ്രമേഹം പ്രസവം കഴിഞ്ഞാല്‍ മാറാവുന്നതേയുള്ളൂ. ചിലരുടെ കാര്യത്തില്‍ തുടര്‍ന്നുള്ള കാലത്ത് ടൈപ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യതകള്‍ ബാക്കി നിന്നേക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ജര്‍മ്മനിയില്‍ നാസി ഭീകരവാഴ്ച നടക്കുന്ന നാളുകള്‍. ഒരു സ്‌പെയിന്‍കാരന്‍ തടവറയിലായി. രണ്ടുദിവസത്തിനുള്ളില്‍ തന്റെ ശിരസ്സ് ഛേദിക്കപ്പെട്ട് താന്‍ കൊല്ലപ്പെടും എന്ന ചിന്ത അയാളെ കൂടുതല്‍ ഭയചകിതനാക്കി മാറ്റി. ആ നിമിഷം ഓര്‍ക്കുംതോറും അയാള്‍ വല്ലാതെ വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ക്ക് ഒരു സിഗരറ്റ് വലിക്കാന്‍ ആഗ്രഹം തോന്നി. അയാള്‍ തന്റെ കോട്ടിന്റെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ ഒരു സിഗരറ്റ് കിട്ടി. പക്ഷേ അത് കത്തിക്കാനുള്ള ലൈറ്റര്‍ കൈവശം ഇല്ലായിരുന്നു, അയാള്‍ കമ്പികള്‍ക്കിടയിലൂടെ ജയിലിനു കാവല്‍ നില്‍ക്കുന്നയാളെ നോക്കി. ഒന്ന് രണ്ട് തവണ കാവല്‍ക്കാരന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശബ്ദമുണ്ടാക്കി. കാവല്‍ക്കാരന്‍ നോക്കിയപ്പോള്‍ അയാള്‍ സിഗരറ്റ് ഉയര്‍്ത്തിക്കാട്ടി ലൈററര്‍ ചോദിച്ചു. കാവല്‍ക്കാരന്‍ ഗൗരവത്തില്‍ അടുത്തേക്ക് വന്നപ്പോള്‍ ഭയം കൊണ്ട് അയാള്‍ വിറച്ചു. കണ്ണ് നിറഞ്ഞു. എങ്കിലും അറിയാതെ ചുണ്ടില്‍ ഒരു പുഞ്ചിരി വന്നു. കാവല്‍ക്കാരന്‍ അയാള്‍ക്ക് ലൈറ്റര്‍ കൊടുത്തു. എന്നിട്ട് ചോദിച്ചു: നിങ്ങള്‍ക്ക് കുടുംബമുണ്ടോ? എത്ര കുട്ടികള്‍ ഉണ്ട്? അയാള്‍ പേഴ്‌സില്‍ നിന്നും തന്റെ കുടുംബത്തിന്റെ ഫോട്ടോ കാണിച്ചുകൊടുത്തു. എന്നിട്ടുപറഞ്ഞു: ഇതാണ് എന്റെ മക്കള്‍, എനിക്ക് ഇവരെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. അവസാനമായി അവരെയൊന്നു കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലായല്ലോ… ഇത്രയും പറഞ്ഞ് അയാള്‍ പൊട്ടിക്കരഞ്ഞു. കാവല്‍ക്കാരന്‍ ഒരു വാക്ക് പോലും പറയാതെ, അയാളുടെ ജയിലിന്റെ വാതില്‍ തുറന്നു. നിശബ്ദമായി പിന്‍വശത്തുകൂടി ജയിലിനു പുറത്തേക്ക് എത്തിച്ചു. എന്നിട്ട് അയാളെ ഒന്ന് നോക്കുകപോലും ചെയ്യാതെ തിരികെ ജയിലിനകത്തേക്ക് പോവുകയും ചെയ്തു. സ്വാതന്ത്ര്യം മുന്നില്‍ കണ്ട അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു: ഒരു പുഞ്ചിരി എന്റെ ജീവന്‍ രക്ഷിച്ചിരിക്കുന്നു.. പുഞ്ചിരിയില്ലാത്ത ഒരു ദിവസം പാഴായി പോയ ഒന്നാണ്. ഒരു പുഞ്ചിരി പരസ്പരം കൈമാറുന്ന പലതുമുണ്ട്. മാനസിക പിരിമുറുക്കം, ദേഷ്യം, മാനസിക അസ്വസ്ഥതകള്‍ ഇവയെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ പുഞ്ചിരിക്ക് സാധിക്കും. നിഷ്‌കളങ്കമായ ഒരു പുഞ്ചിരി ആരാണ് ഇഷ്ടപ്പെടാത്തത്. അതെ നമുക്ക് പരസ്പരം പുഞ്ചിരിക്കാന്‍ ശീലിക്കാം, നമ്മുടെ കൂടപ്പിറപ്പുകളോട്, ജീവിതപങ്കാളിയോട്, മക്കളോട്, സുഹൃത്തുക്കളോട്, അപരിചിതരോട് …