കിവികള്‍ ചിറകറ്റു വീണു; കന്നി കിരീടത്തിൽ മുത്തമിട്ടു: ഓസ്‌ട്രേലിയ പുതിയ ലോക ചാംപ്യന്‍മാര്‍

ദുബായ്: ഏകദിന ക്രിക്കറ്റിനെ രാജാക്കന്‍മാരായ ഓസ്‌ട്രേലിയ ഒടുവില്‍ കുട്ടി ക്രിക്കറ്റിലും കന്നിക്കിരീടത്തില്‍ മുത്തമുട്ടു. ഐസിസി ടി20 ലോകകപ്പിലെ ആവേശകരമായ കലാശപ്പോരില്‍ കന്നി ഫൈനല്‍ കളിച്ച ന്യൂസിലാന്‍ഡിനെ കംഗാരുപ്പട കൊമ്പുകുത്തിക്കുകയായിരുന്നു. ആവേശകരമായ റണ്‍ചേസിനൊടുവില്‍ എട്ടു വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. 2010ലെ ഫൈനലില്‍ ഇംഗ്ലണ്ടിനു മുന്നില്‍ കൈവിട്ട ലോകകിരീടം കംഗാരുപ്പട ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു.

ടോസ് ഭാഗ്യം ഒപ്പം നിന്നപ്പോള്‍ തന്നെ ഓസ്‌ട്രേലിയ വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ഓസീസിന് കിവീസ് നല്‍കിയത്. 173 റണ്‍സായിരുന്നു കന്നി ലോകകിരീടത്തിലേക്ക് ഓസീസിനുണ്ടായിരുന്ന ദൂരം. 18.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ കംഗാരുപ്പട ലക്ഷ്യം കാണുകയും ചെയ്തു. മിച്ചെല്‍ മാര്‍ഷ് (77*), ഡേവിഡ് വാര്‍ണര്‍ (53) എന്നിവരുടെ ഫിഫ്റ്റികളാണ് ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമായത്. വാര്‍ണര്‍ 38 ബോളിലാണ് നാലു ബൗണ്ടറികളൂന്നു സിക്‌സറുമടക്കം 53 റണ്‍സ് അടിച്ചെടുത്തത്. മാര്‍ഷാവട്ടെ 50 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുകളും പായിച്ചു. വിജയം പൂര്‍ത്തിയാക്കുമ്പോള്‍ മാര്‍ഷിനൊപ്പം ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു (28*) ക്രീസില്‍. ട്രെന്റ് ബോള്‍ട്ട കിവീസിനായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

പാകിസ്താനെതിരായ സെമി ഫൈനലിനു തുല്യമായി മോശം തുടക്കത്തിനു ശേഷമായിരുന്നു ഓസീസ് റണ്‍ചേസില്‍ ഒരിക്കല്‍ക്കൂടി മികവ് കാട്ടിയത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (5) ആദ്യ പവര്‍പ്ലേയില്‍ തന്നെ ഓസീസിനു നഷ്ടമായിരുന്നു. വമ്പനടിക്കു ശ്രമിച്ച അദ്ദേഹത്തെ ബോള്‍ട്ടിന്റെ ബൗളിങില്‍ ഡാരില്‍ മിച്ചെല്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. ഓസീസ് ഒന്നിന് 15. എന്നാല്‍ രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ്് സഖ്യം 92 റണ്‍സെടുത്തോടെ കളി ന്യൂസിലാന്‍ഡില്‍ നിന്നും വഴുതി മാറുകയായിരുന്നു. ടീം സ്‌കോര്‍ 107ല്‍ നില്‍ക്കെ അപകടകാരിയായ വാര്‍ണറെ ബൗള്‍ഡാക്കി ബോള്‍ട്ട് കിവീസിനു നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും മറുവശത്ത് മാര്‍ഷിന്റെ വെടിക്കെട്ട് പ്രകടനം ഓസീസിനെ ഉജ്ജ്വല വിജയത്തിലെത്തിക്കുകയായിരുന്നു. വെറും 31 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഫിഫ്റ്റി. ഇതോടെ ഫൈനലിലെ വേഗമേറിയ ഫിഫ്റ്റിയെന്ന ഈ മല്‍സരത്തില്‍ കിവീസ് നായകന്‍ കുറിച്ച കെയ്ന്‍ വില്ല്യംസണിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു.

അപരാജിതമായ മൂന്നാം വിക്കറ്റില്‍ മാര്‍ഷ്- മാക്‌സ്വെല്‍ സഖ്യം 66 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഓസീസിനെ കന്നി കിരീടത്തിലെത്തിക്കുകയായിരുന്നു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ന്യൂസിലാന്‍ഡ് നാലു വിക്കറ്റിന് 172 റണ്‍സെടുക്കുകയായിരുന്നു. നായകന്റെ കളി കെട്ടിച്ച വില്ല്യംസണിന്റെ (85) പ്രകടനമാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. 48 ബോളില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രണ്ടു തവണ വില്ല്യംസണിന്റെ ഇന്നിങ്‌സ് കൈവിട്ടത് ഓസീസിനു തിരിച്ചടിയായി മാറി. മാത്യു വേഡും ജോഷ് ഹേസല്‍വുഡുമായിരുന്നു വില്ലിക്കു ജീവന്‍ തിരികെ നല്‍കിയത്. പിന്നീടങ്ങോട്ട് വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു വില്ല്യംസണ്‍ കാഴ്ചവച്ചത്. ഫിഫ്റ്റി തികയ്ക്കാന്‍ 31 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒരു താരത്തിന്റെ വേഗമേറിയ ഫിഫ്റ്റി കൂടിയായിരുന്നു ഇത്.