ധവാന് കന്നി സെഞ്ച്വറി; ക്യാച്ച് കൈവിട്ടത് മൂന്നു തവണ: സിഎസ്‌കെ കളിയും കൈവിട്ടു

ഷാര്‍ജ: ഐപിഎല്ലിലെ 34ാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ശിഖര്‍ ധവാന്റെ മൂന്നു ക്യാച്ചുകള്‍ കൈവിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി ചോദിച്ചു വാങ്ങി. ജീവന്‍ തിരിച്ചുകിട്ടിയ ധവാന്‍ (101*) തകര്‍പ്പന്‍ സെഞ്ച്വറിയുമായി സിഎസ്‌കെയുടെ കഥ കഴിക്കുകയും ചെയ്തു. ഈ തോല്‍വിയോടു സിഎസ്‌കെയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. അഞ്ചു വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. ഇതോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് ഡല്‍ഹി ഒന്നാംസ്ഥാനത്ത് തിരികെയെത്തുകയും ചെയ്തു

180 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിഎസ്‌കെ ഡല്‍ഹിക്കു നല്‍കിയത്. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ പൃഥ്വി ഷായെ നഷ്ടമായെങ്കിലും ധവാന്റെ വണ്‍മാന്‍ ഷോ ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. മൂന്നു ക്യാച്ചുകള്‍ കൈവിട്ട സിഎസ്‌കെ താരത്തെ ഇതിന് ‘സഹായിക്കുകയും’ ചെയ്തു. 19.5 ഓവറില്‍ അഞ്ചു വിക്കറ്റിന് ഡല്‍ഹി ലക്ഷ്യത്തിലെത്തി. 58 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമടക്കാണ് ധവാന്‍ റണ്‍സ് നേടിയത്. അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലെ കന്നി സെഞ്ച്വറി കൂടിയാണിത്. അവസാന ഓവറില്‍ ഡല്‍ഹിക്കു 17 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. രവീന്ദ്ര ജഡേജയുടെ ഈ ഓവറില്‍ മൂന്നു സിക്‌സറുകള്‍ പറത്തിയ അക്ഷര്‍ പട്ടേല്‍ ഡല്‍ഹിക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. വെറും അഞ്ച് പന്തില്‍ 21 റണ്‍സ് പട്ടേല്‍ വാരിക്കൂട്ടി. നായകന്‍ ശ്രേയസ് അയ്യര്‍ (23), അജിങ്ക്യ രഹാനെ (8), മാര്‍ക്കസ് സ്റ്റോയ്‌നിസ് (24), അലെക്‌സ് ക്യാരി (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സിഎസ്‌കെയ്ക്കു വേണ്ടി ദീപക് ചഹര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

 

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സിഎസ്‌കെ നാലു വിക്കറ്റിനാണ് 179 റണ്‍സെടുത്തത്. ഓപ്പണര്‍ ഫാഫ് ഡുപ്ലെസിയുടെ (58) ഇന്നിങ്‌സാണ് സിഎസ്‌കെയ്ക്കു കരുത്തായത്. 47 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അമ്പാട്ടി റായുഡു (45*), ഷെയ്ന്‍ വാട്‌സന്‍ (36), രവീന്ദ്ര ജഡേജ (33* എന്നിവരാണ് സിഎസ്‌കെയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വീണ്ടും ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ട സാം കറെന്‍ (0), നായകന്‍ എംഎസ് ധോണി (3) എന്നിവര്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. വെറും 13 പന്തിലാണ് നാലു സിക്‌സറുകളോടെ ജഡേജ 33 റണ്‍സ് വാരിക്കൂട്ടിയതെങ്കില്‍ റായുഡു 25 പന്തില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയും പായിച്ചു. അവസാനത്തെ അഞ്ചോവറില്‍ 67 റണ്‍സ് സിഎസ്‌കെ അടിച്ചെടുത്തു. ഒരു വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ. ഇതാണ് സിഎസ്‌കെയെ മികച്ച സ്‌കോറിലെത്തിച്ചത്.
ഡല്‍ഹിക്കായി ആന്റിച്ച് നോര്‍ട്ടെ രണ്ടു വിക്കറ്റെടുത്തു. ഈ മല്‍സരത്തില്‍ ഒരു വിക്കറ്റ് നേടിയതോടെ പേസര്‍ കാഗിസോ റബാദ 50 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടു. ഏറ്റവും കുറച്ച് മല്‍സരങ്ങളില്‍ നിന്നും ഈ നേട്ടം കൈവരിച്ച ബൗളറായി ഇതോടെ റബാദ മാറുകയും ചെയ്തു.