ദുബായ്: തുടര്‍ച്ചയായ രണ്ടാം ജയത്തിലേക്കു കുതിച്ച രാജസ്ഥാന്‍ റോയല്‍സിനെ പിടിച്ചുകെട്ടി ഡല്‍ഹി ക്യാപ്പിറ്റല്‍സ് വീണ്ടും വിജയവഴിയില്‍. 13 റണ്‍സിനാണ് രാജസ്ഥാനെ ഡല്‍ഹി കീഴടക്കിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് അവര്‍ തലപ്പത്ത് തിരിച്ചെത്തുകയും ചെയ്തു. മികച്ച ഡെത്ത് ഓവര്‍ ബൗളിങിലൂടെയാണ് കൈവിട്ട കളി ഡല്‍ഹി തിരിച്ചുപിടിച്ചത്.
ടോസിനു ശേഷം ബാറ്റ് ചെയ്ത ഡല്‍ഹി 162 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന് മുന്നില്‍ വച്ചത്. മറുപടിയില്‍ എട്ടു 148 വിക്കറ്റിന് റണ്‍സെടുക്കാനേ രാജസ്ഥാന് കഴിഞ്ഞുള്ളൂ. ബെന്‍ സ്‌റ്റോക്‌സ് (41), റോബിന്‍ ഉത്തപ്പ (32), മലയാളി താരം സഞ്ജു സാംസണ്‍ (25), ജോസ് ബട്‌ലര്‍ (22) എന്നിവരാണ് രാജസ്ഥാന്റെ പ്രധാന സ്‌കോറര്‍മാര്‍. ഈ സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ ടീമിനെ തോല്‍വിയുടെ വക്കില്‍ നിന്നും വിജയത്തിലെത്തിച്ച് ഹീറോയായി മാറിയ രാഹുല്‍ തെവാത്തിയക്കു ഇത്തവണ മാജിക്ക് ആവര്‍ത്തിക്കാനായില്ല. 18 പന്തില്‍ പുറത്താവാതെ 14 റണ്‍സാണ് തെവാത്തിയ നേടിയത്. ഡല്‍ഹിക്കു വേണ്ടി ആന്റിച്ച് നോര്‍ട്ടെയും സീസണിലെ ആദ്യ മല്‍സരം കളിച്ച പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി ഏഴു വിക്കറ്റിനാണ് 161 റണ്‍സ് നേടിയത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (57), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (53) എന്നിവരുടെ ഫിഫ്റ്റികളാണ് ടീമിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 33 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ധവാന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. ശ്രേയസ് 43 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി.