ഷാര്‍ജയില്‍ ഡല്‍ഹിയെ 200 തൊടിയിക്കാതെ റോയല്‍സ്; തിളങ്ങി ഹെറ്റ്മയര്‍

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് 185 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 184 റണ്‍സ് നേടിയത്. 24 ബോളില്‍ 45 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മയറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 5 സിക്‌സും 1 ഫോറും അടങ്ങുന്നതായിരുന്നു ഹെറ്റ്മയറുടെ പ്രകടനം.

ഡല്‍ഹിക്കായ് മാര്‍ക്കസ് സ്റ്റോയിനിസ് 30 ബോളില്‍ 4 സിക്‌സിന്റെ അകമ്പടിയില്‍ 39 റണ്‍സ് നേടി. ഋഷഭ് പന്ത് 5, ശ്രേയസ് അയ്യര്‍ 22, പൃഥ്വി ഷാ 19, ധവാന്‍ 5, ഹര്‍ഷല്‍ പട്ടേല്‍ 16 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അക്‌സര്‍ പട്ടേല്‍ 7 ബോളില്‍ 17 റണ്‍സ് നേടി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴത്തി. കാര്‍ത്തിക് ത്യാഗി, ആന്‍ഡ്രു ടൈ, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോവിക്കറ്റ് വീതവും വീഴ്ത്തി.

 

 

ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്‍ ടീമില്‍ അങ്കിത് രജ്പുതിനും ടോം കറനും പകരം ആന്‍ഡ്രു ടൈയും വരുണ്‍ ആരോണും ഇടംപിടിച്ചു. ഡല്‍ഹി ടീമില്‍ മാറ്റങ്ങളൊന്നുമില്ല. അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രം നേടിയ രാജസ്ഥാന് ഇന്നത്തെ മത്സരം വിജയിച്ചേ തീരു. ബാറ്റ്സ്മാന്‍മാരുടെ പറുദീസയായ ഷാര്‍ജയിലാണ് മത്സരമെന്നത് രാജസ്ഥാന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. കാരണം, രാജസ്ഥാന്‍ ഈ സീസണില്‍ നേടിയ രണ്ട് വിജയവും ഷാര്‍ജയില്‍വെച്ചായിരുന്നു. ചെന്നൈയേയും പഞ്ചാബിനേയുമാണ് രാജസ്ഥാന്‍ ഇവിടെ തോല്‍പ്പിച്ചത്.