ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് 202 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അരോണ്‍ ഫിഞ്ചിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും എബി ഡി വില്ലിയേഴ്‌സിന്റെയും അര്‍ദ്ധ സെഞ്ച്വറി മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 201 റണ്‍സ് അടിച്ചുകൂട്ടിയയത്. എബി ഡിവില്ലിയേഴ്‌സ് 24 ബോളില്‍ 4 സിക്‌സിന്റെയും 4 ഫോറിന്റെയും അകമ്പടിയില്‍ 55 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അതോടൊപ്പം ഐ.പി.എല്ലില്‍ 4500 റണ്‍സ് ഡിവില്ലിയേഴ്‌സ് പിന്നിടുകയും ചെയ്തു.
40 ബോള്‍ നേരിട്ട ദേവ്ദത്ത് പടിക്കല്‍ 2 സിക്‌സിന്റെയും 5 ഫോറിന്റെയും അകമ്പടിയില്‍ 54 റണ്‍സ് നേടി. ഫിഞ്ച് 33 ബോളില്‍ 52 റണ്‍സ് നേടി. ഏഴ് ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിംഗ്‌സ്. ശിവം ദുബൈ 10 ബോളില്‍ 27 റണ്‍സ് നേടി പുറത്താകാതെ നിന്നു. 10 ബോളില്‍ നിന്ന് 3 റണ്‍സ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്. മുംബൈയ്ക്കായി ബോള്‍ട്ട് രണ്ടും രാഹുല്‍ ചഹാര്‍ ഒരു വിക്കറ്റും വീഴ്ത്തി.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂര്‍ നിരയില്‍ ഡെയ്ല്‍ സ്റ്റെയ്‌നു പകരം ശ്രീലങ്കയുടെ ഇസുരു ഉഡാനയും ജോഷ്വ ഫിലിപ്പിന് പകരം ആദം സാംപയും ഉമേഷ് യാദവിന് പകരം ഗുര്‍കീരത് സിങ്ങും ടീമിലെത്തി. മുംബൈ നിരയില്‍ സൗരഭ് തിവാരിക്കു പകരം യുവതാരം ഇഷാന്‍ കിഷന്‍ ടീമില്‍ ഇടംനേടി.