Headlines

പാവങ്ങൾക്ക് വീടുവയ്ക്കാനുള്ള പണം പാക്കിസ്ഥാൻ ‘മുക്കി’; ലോകബാങ്കിന് അമർഷം, ‘അടിച്ചുമാറ്റിയത്’ ബലൂചിസ്ഥാനിനുള്ള സഹായം

ബലൂചിസ്ഥാൻ പ്രവിശ്യയിൽ കടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായവർക്ക് വീടുവയ്ക്കാൻ അനുവദിച്ച ധനസഹായം വകമാറ്റിയ പാക്കിസ്ഥാൻ സർക്കാരിന്റെ നടപടിയിൽ കടുത്ത അമർഷവുമായി ലോകബാങ്ക്. പുതിയ വീടിന് അർഹരായവരിൽ 84 ശതമാനം പേരും നിലവിൽ കിടപ്പാടമില്ലാത്തവരും അതീവദാരിദ്ര്യം അനുഭവിക്കുന്നവരുമാണെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടി.

ദുരിതബാധിതരിൽ 28% പേരുടെ നിലവിലെ മാസവരുമാനം 3000 ഇന്ത്യൻ രൂപയ്ക്കും താഴെയാണ്. 26 ശതമാനം പേർക്ക് 6500 രൂപയ്ക്ക് താഴെയും. 39 ശതമാനം പേർക്ക് നിലവിൽ വീടേയില്ല. 37 ശതമാനം പേർ ദിവസക്കൂലിക്കാരാണ്. 8 ശതമാനം പേർ ചെറുകിട കർഷകരും.ഇവർക്ക് സമ്പാദ്യമില്ല (സേവിങ്സ്). പലർക്കും ബാങ്ക് അക്കൗണ്ടുകളില്ല. വായ്പ എടുക്കാനോ എടുത്താൽ തിരിച്ചടയ്ക്കാനുള്ള ശേഷിയോ ഇല്ല. ഇത്തരക്കാർക്കുള്ള സഹായമാണ് പാക്കിസ്ഥാൻ സർക്കാർ വകമാറ്റിയതെന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടി. തട്ടിപ്പിനും അഴിമതിക്കും ഇടവരുത്തുന്ന പാക്കിസ്ഥാന്റെ നിലപാടിൽ കടുത്ത ആശങ്കയും ലോകബാങ്ക് രേഖപ്പെടുത്തി.ഭവനപദ്ധതിക്ക് അർഹരായ 1.19 ലക്ഷം പേർക്കുള്ള ധനസഹായമാണ് വകമാറ്റിയതെന്നും ഇത് ആശങ്കപ്പെടുത്തുകയാണെന്നും ലോകബാങ്ക് ഡയറക്ടർ ബൊലോറോമ അംഗാബസർ പാക്കിസ്ഥാൻ സർക്കാരിനും ബലൂചിസ്ഥാൻ പ്രവിശ്യാ സർക്കാരിനും അയയ്ച്ച കത്തിൽ വ്യക്തമാക്കി. 2022ൽ ആയിരുന്നു ബലൂചിസ്ഥാൻ വെള്ളപ്പൊക്ക ദുരിതത്തിലായത്. 1400ഓളം പേർക്ക് ജീവൻ നഷ്ടമായി. 10 ലക്ഷത്തോളം പേർക്ക് വീടുകളും. പാക്കിസ്ഥാന്റെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 20% പേർക്കാണ് വീട് നഷ്ടമാവുകയോ വീടിന് കേടുപാടുകൾ ഉണ്ടാവുയോ ചെയ്തത്.

ദുരിതാശ്വാസ സഹായമായി ആഗോളതലത്തിൽ നിന്ന് 900 കോടി ഡോളർ (85,000 കോടിയിലേറെ ഇന്ത്യൻ രൂപ) നേടാൻ പാക്കിസ്ഥാന് കഴിഞ്ഞിരുന്നു. ദുരിതാശ്വാസ സഹായം അർഹർക്ക് ലഭിക്കുന്നതിന് പകരം മറ്റ് പദ്ധതികളിലേക്ക് വകമാറ്റിയ പാക്കിസ്ഥാൻ സർക്കാരിന്റെ നടപടി അഴിമതിയും വെട്ടിപ്പുമാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.