ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത സി.എ.ജി റിപ്പോർട്ട് പരിശോധിക്കും
പൊലീസിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന സി.എ.ജി കണ്ടെത്തലുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആഭ്യന്തര വകുപ്പിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ച് നടപടിക്രമങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ ആദ്യം തന്നെ ഡി.ജി.പിക്ക് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ വാഹനം വാങ്ങാനുള്ള ഡി.ജി.പിയുടെ നടപടികള്‍ക്ക് ആഭ്യന്തര വകുപ്പ് സാധൂകരണം നല്‍കുകയും ചെയ്തു. ഡി.ജി.പി നടത്തിയ പല ഇടപാടുകളിലും പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങളില്‍ പരിശോധന നടത്താനുള്ള തീരുമാനത്തിലേക്ക് മുഖ്യമന്ത്രി എത്തിച്ചേര്‍ന്നത്. പൊലീസുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയോടാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സിംസ് പദ്ധതി ഉള്‍പ്പെടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ കൂടി പരിശോധിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. അതിനിടെ സി.എ.ജിക്ക് പ്രതിപക്ഷ രാഷ്ട്രീയവുമായി ബന്ധമുണ്ടെന്ന സൂചന നല്‍കുന്ന വാചകവുമായി മന്ത്രി എം.എം മണി രംഗത്ത് വന്നു.