കീവിനെ വളഞ്ഞ് റഷ്യൻ സൈന്യം; നഗരത്തിൽ വ്യോമാക്രണ മുന്നറിയിപ്പ്

 

യുക്രൈനിൽ റഷ്യൻ ആക്രമണം ശക്തമാകുന്നു. തലസ്ഥാനമായ കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനമുണ്ടായി. കീവ് പൂർണമായും റഷ്യൻ സൈനികരാൽ വളഞ്ഞിരിക്കുകയാണ്. സഞ്ചാര മാർഗങ്ങളും അടച്ചതിനാൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതും തടസ്സപ്പെട്ടു

നിലവിൽ ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തുന്നില്ല. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്ന് കീവ് മേയർ പറഞ്ഞു. അതേസമയം നാട്ടുകാരെ മുൻനിർത്തിയാണ് യുക്രൈൻ ഭരണകൂടം റഷ്യക്കെതിരെ പ്രത്യാക്രമണം കടുപ്പിക്കുന്നത്. പെട്രോൾ ബോംബുകളാണ് സാധരണക്കാർക്ക് നൽകിയിരിക്കുന്ന പ്രധാന ആയുധം

ഇതിനിടെ യുഎൻ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ചർച്ചയാകും. ഇന്നലെ രക്ഷാ സമിതി യോഗം ചേർന്നിരുന്നു. പൊതുസഭയിൽ പ്രമേയം അവതരിപ്പിക്കണമോയെന്ന് തീരുമാനിക്കാനായിരുന്നു യോഗം. എന്നാൽ ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റഷ്യ എതിർത്ത് വോട്ട് ചെയ്തു.