37000 സാധാരണക്കാരെ സൈന്യത്തിന്റെ ഭാഗമാക്കി യുക്രൈൻ; ഭവിഷ്യത്ത് രൂക്ഷമായിരിക്കുമെന്ന് റഷ്യ

 

റഷ്യക്കെതിരായ യുദ്ധത്തിൽ 37000 സാധാരണക്കാരെ സൈന്യത്തിന്റെ ഭാഗമാക്കി യുക്രൈൻ. പൗരൻമാർക്ക് ആയുധം വിതരണം ചെയ്ത് സേനയുടെ ഭാഗമാക്കിയിരിക്കുകയാണ് യുക്രൈൻ ഭരണകൂടം. ഒഡേസയിൽ യുക്രൈൻ വ്യോമകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവർത്തനക്ഷമമാണെന്ന് യുക്രൈൻ അവകാശപ്പെട്ടു.

അതേസമയം തലസ്ഥാനമായ കീവിലും ഖാർകീവിലും ശക്തമായ യുദ്ധം തുടരുകയാണ്. ഖാർകീവിൽ റഷ്യൻ സൈന്യം പ്രവേശിച്ചതായി ഖാർകീവ് മേയർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖാർകീവിലെ അപ്പാർട്ട്‌മെന്റിന് നേരെ റഷ്യൻ സൈന്യം വെടിയുതിർത്തതായും ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും വിവരമുണ്ട്.

ഒഖ്തിർക്കയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇതിലൊരാൾ ആറ് വയസ്സുള്ള പെൺകുട്ടിയാണ്. കീവ് പിടിച്ചെടുക്കാൻ അവസാന തന്ത്രവും റഷ്യ പുറത്തെടുക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലേക്ക് റഷ്യ ആക്രമണം ആരംഭിച്ചു. സാധാരണക്കാരിൽ നിന്ന് ആയുധങ്ങൾ തിരികെ വാങ്ങണമെന്ന് യുക്രൈനോട് റഷ്യ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഭവിഷ്യത്ത് ഏറെയായിരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകുന്നു.