യുദ്ധം തുടരുന്ന യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേർന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു യോഗത്തിലെ തീരുമാനം. രക്ഷാദൗത്യം യോഗം വിലയിരുത്തി. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ചയായി.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാനും തീരുമാനിച്ചു. ഓപറേഷൻ ഗംഗ തുടരുകയാണ്. ഇന്ന് അഞ്ചാമത്തെ വിമാനവും ഡൽഹിയിൽ എത്തി. 249 യാത്രക്കാരാണ് ഇന്ന് വന്ന വിമാനത്തിലുള്ളത്. ഇതിൽ 12 പേർ മലയാളികളാണ്. ഇതിനോടകം 1157 പേരെയാണ് തിരികെ എത്തിച്ചത്
യുദ്ധമാരംഭിച്ചതിന് ശേഷം യുക്രൈനിൽ കുടുങ്ങിയ 82 വിദ്യാർഥികൾ കേരളത്തിൽ എത്തിയിട്ടുണ്ട്. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ തുടങ്ങിയവർ വിവിധയിടങ്ങളിൽ വിദ്യാർഥികളെ സ്വീകരിച്ചു.