രക്ഷാദൗത്യമാരംഭിച്ചു: യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് രാജ്യത്ത് എത്തും

 

യുക്രൈനിൽ നിന്ന് വിദ്യാർഥികൾ അടക്കമുള്ളവരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാദൗത്യത്തിന് തുടക്കമായി. റൊമാനിയൻ അതിർത്തി കടന്ന 470 പേരുടെ സംഘത്തെ ഇന്ന് ഉച്ചയോടെ രാജ്യത്ത് എത്തിക്കും. ഡൽഹിയിലേക്കും മുംബൈയിലേക്കുമാണ് വിമാനങ്ങൾ എത്തുക. രണ്ട് വിമാനങ്ങൾ കൂടി രക്ഷാദൗത്യത്തിനായി ഇന്ന് പുറപ്പെടും. ഒരെണ്ണം റൊമാനിയയിലേക്കും ഒന്ന് ഹംഗറിയിലേക്കുമാണ് പോകുന്നത്

പോളണ്ട് അടക്കമുള്ള മറ്റ് രാജ്യങ്ങൾ വഴിയുള്ള രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. അതേസമയം കീവ് അടക്കമുള്ള മേഖലകളിൽ നിന്ന് വിദ്യാർഥികളെ അതിർത്തി പ്രദേശങ്ങളിൽ എത്തിക്കുന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയും വന്നിട്ടില്ല. കടുത്ത തണുപ്പ് അവഗണിച്ചും വാഹനങ്ങളൊന്നുമില്ലാതെയും വിദ്യാർഥികൾ എങ്ങനെയാണ് ഇത്രയും ദൂരം കടന്നുചെല്ലുകയെന്ന ചോദ്യമാണ് ഉയരുന്നത്.