യുക്രൈനിൽ നിന്നും ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിനായി വിമാനങ്ങൾ യുക്രൈന്റെ അയൽരാജ്യമായ റുമാനിയയിലേക്ക് പുറപ്പെടും. യുക്രൈനിൽ വ്യോമപാത അടക്കുകയും തലസ്ഥാന നഗരമായ കീവിലടക്കം യുദ്ധം ശക്തമാകുകയും ചെയ്തതോടെയാണ് അയൽ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവർത്തനത്തിന് സാധ്യത തേടുന്നത്
ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിർത്തികൾ വഴി ഇവരെ ഒഴിപ്പിക്കാനാണ് നീക്കം. യുക്രൈനിലെ അതിർത്തി പ്രദേശങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരൻമാർ, പ്രത്യേകിച്ച് വിദ്യാർഥികളെ ആദ്യം ഒഴിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനായി യാത്രാ രേഖകൾ അടക്കം അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്
പാസ്‌പോർട്ട്, അത്യാവശ്യ ചെലവുകൾക്കുള്ള പണം, കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഇന്ത്യൻ ദേശീയ പതാകയുടെ ഔട്ട് പ്രിന്റ് എന്നിവ കരുതണമെന്ന് എംബസി നൽകിയ നിർദേശത്തിൽ പറയുന്നു. രണ്ട് വിമാനങ്ങളാണ് ഇന്ന് റുമാനിയയിലേക്ക് തിരിക്കുന്നത്.