എല്ലാ വശത്ത് നിന്നും ആക്രമിക്കണം; യുക്രൈനെതിരായ ആക്രമം കടുപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകി റഷ്യ

 

കീവ്: യുക്രൈനിൽ ആക്രമണം രൂക്ഷമാക്കാൻ റഷ്യ സൈനിക‌‌ർക്ക് നി‌ർദ്ദേശം നൽകി. എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കാനാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം സൈനികർക്ക് നൽകിയിരിക്കുന്ന നി‌‌‌ർദ്ദേശം. കീവിലുള്ള യുക്രൈൻ നേതൃത്വം ച‌ർച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് സൈന്യത്തിന് പുതിയ നി‌‌ർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് റഷ്യൻ

പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.

ബെലാറസിൽ ചർച്ച നടത്താനുള്ള നിർദ്ദേശം യുക്രൈൻ ലംഘിച്ചുവെന്നാണ് റഷ്യ പറയുന്നത്. സമവായത്തിന് തയ്യാറാകാതെ യുക്രൈൻ പോരാട്ടം നീട്ടിക്കൊണ്ട് പോയെന്നും കുറ്റപ്പെടുത്തൽ ഉണ്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റേതാണ് വിശദീകരണം.

അതേസമയം, സുരക്ഷാ പ്രതിരോധ മേഖലകളിൽ നെതർലാൻഡ് പിന്തുണ അറിയിച്ചെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യുദ്ധത്തിനെതിരായ കൂട്ടായ്മ ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.