യുക്രൈനിലെ വാസിൽകീവിലുള്ള എണ്ണ സംഭരണശാലക്ക് നേരെ റഷ്യയുടെ മിസൈലാക്രമണം. വലിയ സ്‌ഫോടനത്തോടെയുള്ള തീ ഇവിടെ ആളിപ്പടരുകയാണ്. യുക്രൈൻ തലസ്ഥാനത്തോട് ചേർന്നുള്ള പ്രദേശത്താണ് സ്‌ഫോടനം. ഖാർക്കീവിലെ പൈപ്പ് ലൈന് നേരെയും ആക്രമണമുണ്ടായി.
യുദ്ധത്തിൽ 23 പേർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. യുക്രൈൻ പൗരൻമാരായ അഞ്ച് പേരെയും 16 യുക്രൈൻ സൈനികരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ്സ് പ്രായമുള്ള ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. അതേസമയം റഷ്യയുടെ നീക്കം വംശഹത്യയായി കണക്കാക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞു. റഷ്യൻ സൈനികരുടെ മൃതദേഹം തിരികെ നൽകാൻ വഴിയൊരുക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്
രാജ്യം സ്വതന്ത്രമാകുന്നതുവരെ പൊരുതുമെന്നാണ് സെലൻസ്‌കി പ്രഖ്യാപിച്ചത്. യുദ്ധത്തിൽ ശത്രുക്കൾക്ക് സാധ്യതയില്ലെന്നും സെലൻസ്‌കി പറഞ്ഞു. യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്. ബെൽജിയം യുക്രൈൻ സൈന്യത്തിന് 2000 മെഷീൻ ഗണ്ണുകളും 3800 ടൺ ഇന്ധനവും നൽകും. ജർമനിയിലും യുക്രൈന് ആയുധം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് റഷ്യ. ജനവാസ കേന്ദ്രങ്ങളിലടക്കം റഷ്യ ആക്രമണം അഴിച്ചുവിടുന്നുണ്ട്. ജനം ബങ്കറുകളിലും മെട്രോ സബ് വേകളിലും അഭയം തേടിയതിനാൽ ആളാപയം കുറവാണ്.