മോസ്കോ: യുക്രെയ്ൻ പ്രതിസന്ധിക്കിടെ റഷ്യയും അയൽരാജ്യമായ ബലാറൂസും സംയുക്തമായി ആരംഭിച്ച പത്തു ദിവസത്തെ സൈനികാഭ്യാസം പുതിയ ആശങ്കകൾക്കു വഴിതുറന്നു. യുക്രെയ്ൻ- ബലാറൂസ് അതിർത്തിയിലാണ് അഭ്യാസം. റഷ്യൻ സേന ഇതോടെ യുക്രെയ്ൻ തലസ്ഥാനമായ കീവിനോട് കൂടുതൽ അടുത്തു.
റഷ്യയും ബലാറൂസും മുമ്പില്ലാത്തവിധം ഭീഷണികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് സൈനികാഭ്യാസമെന്ന് ക്രെംലിൻ വിശദീകരിച്ചു. എത്ര പട്ടാളക്കാർ അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അറിയിച്ചിട്ടില്ല. മുപ്പതിനായിരം വരുമെന്നാണ് യുഎസ് വൃത്തങ്ങൾ പറഞ്ഞത്. ശീതയുദ്ധത്തിനുശേഷം ബലാറൂസിൽ റഷ്യ ഇത്ര വിപുലമായ സൈനികവിന്യാസം നടത്തുന്നതാദ്യമാണ്.
യുക്രെയ്ൻ അതിർത്തിയോടു ചേർന്ന് റഷ്യ നേരത്തേതന്നെ ഒരു ലക്ഷം പട്ടാളക്കാരെ വിന്യസിച്ചിട്ടുണ്ട്. യുക്രെയ്നെ ആക്രമിക്കാൻവേണ്ടിയല്ല ഇതെന്നാണ് അവർ അവകാശപ്പെടുന്നത്. അതേസമയം, യുഎസും യൂറോപ്യൻ ശക്തികളും റഷ്യയുടെ നീക്കത്തിൽ വലിയ അപകടം മണക്കുന്നു.