ലോകത്തെ അവസാനത്തെ മഹാമാരിയല്ല കോവിഡെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അഥാനോം. കാലാവസ്ഥാ വ്യതിയാനത്തെയും മൃഗക്ഷേമത്തെയും ശരിയായി കൈകാര്യം ചെയ്യാതെ മനുഷ്യൻറെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഫലവത്താകില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അടുത്തൊന്നിനെ മുന്നിൽക്കണ്ട് തയാറെടുക്കാതെ അപകടകരമായ ഹ്രസ്വ കാഴ്ചപ്പാടോടെ മഹാമാരി പൊട്ടിപ്പുറപ്പെടുമ്ബോൾ പണം എറിയുന്ന നിലപാടിനെ അദ്ദേഹം അപലപിച്ചു. കോവിഡ് മഹാമാരിയിൽനിന്നും പാഠങ്ങൾ പഠിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മഹാമാരി പൊട്ടിപ്പുറപ്പെടുമ്ബോൾ പണം എറിയുന്നു. എന്നാൽ അത് അവസാനിക്കുന്നതോടെ നമ്മൾ മറക്കുന്നു. അടുത്തൊന്നിനായി തയാറെടുക്കുന്നുമില്ല. ഇത് അപകടകരമായ ഹൃസ്വകാഴ്ചപ്പാടാണ്.
എന്നാൽ കോവിഡ് അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്നും പകർച്ചവ്യാധികൾ ജീവിതത്തിലെ ഒരു യാഥാർഥ്യമാണെന്നും ചരിത്രം പറയുന്നു. മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളും ഭൂമിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ഈ മഹാമാരി എടുത്തുകാണിക്കുന്നു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പാരസ്പര്യത്തേയും കാലാവസ്ഥാ വ്യതിയാനത്തിൻറെ ഭീഷണിയേയും അഭിസംബോധന ചെയ്യുന്നില്ലെങ്കിൽ മനുഷ്യൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏതൊരു ശ്രമവും തകർക്കപ്പെടും- അഥാനോംവ്യക്തമാക്കി.