സംപൗളോ: ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർനടത്തിയ പരിശോധനയിലാണ് ബോൾസോനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
പ്രസിഡന്റ് തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഭയപ്പെടേണ്ട കാര്യമില്ല. ഇതാണ് ജീവിതം. ജീവിതം മുന്നോട്ടുപോകുക തന്നെ ചെയ്യും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ തുടക്കം മുതൽ 65 കാരനായ ബോൾസോനാരോ രോഗത്തെ നിസാരവൽക്കരിക്കുകയും സാമൂഹിക അകലം പാലിക്കുന്നതിനെ അവഹേളിക്കുകയും ചെയ്ത നേതാവാണ്. കോവിഡിന്റെ അപകടസാധ്യതകളെ ആവർത്തിച്ച് കളിയാക്കുകയും ഇതൊരു ചെറിയ പനി മാത്രമാണ് ഗുരുതരമായി ബാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ബ്രസീലിൽ കൊറോണ വൈറസ് വ്യാപനത്തിന് അതിവേഗമാണ്. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും ബ്രസീൽ അമേരിക്കയ്ക്കു തൊട്ടുപിന്നിലാണ്. 65,631 പേർ ഇതിനകം മരിച്ചു. 1,628,283 പേർ രോഗബാധിതർ. ദിവസങ്ങളായി പ്രതിദിന മരണസംഖ്യ നൂറിനു മുകളിലാണ്, പതിനായിരത്തിലേറെ കോവിഡ് കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യാന്തര കണക്കുകളിൽ രണ്ടാം സ്ഥാനമാണ് ബ്രസീലിന്.