കെ.എസ്.ഇ.ബി ഏറ്റെടുത്ത ഭൂമിക്കു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല; വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ സത്യഗ്രഹവുമായി കര്‍ഷക കുടുംബം

 

കല്‍പറ്റ-ബാണാസുരസാഗര്‍ പദ്ധതിക്കായി തരിയോട് നോര്‍ത്ത് വില്ലേജില്‍ കെ.എസ.്ഇ.ബി ഏറ്റെടുത്ത അഞ്ച് ഏക്കര്‍ ഭൂമിക്കു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല. പൊഴുതന സേട്ടുകുന്നിലെ മൈലാക്കല്‍ ജോസഫിന്റേതാണ് ഈ ദുരവസ്ഥ. നീതിക്കായി ഇതിനകം ജോസഫ് മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. ഒടുവില്‍ 86-ാം വയസില്‍ ജോസഫ് സമരത്തിനിറങ്ങി. അദ്ദേഹവും കുടുംബവും ഇന്നു(തിങ്കള്‍)വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ജോസഫിനു പിന്തുണയുമായി കാര്‍ഷിക പുരോഗമന സമിതിയടക്കം സ്വതന്ത്ര കര്‍ഷക സംഘടനകളും രംഗത്തുണ്ട്.
1976 മുതല്‍ ജോസഫിന്റെ കൈവശമുള്ള ഭൂമിയാണ് 1981ല്‍ കെ.എസ.്ഇ.ബി ഏറ്റെടുത്തത്. തരിയോട് താണ്ടിക്കോട് എസ്റ്റേറ്റ് ഉടമ ഡോ.ഡി.കെ.വര്‍ഗീസ് അദ്ദേഹത്തിന്റെ കുശിനിക്കാരനായിരുന്ന പുരയിടിത്തില്‍ തോമസിനു സൗജന്യമായി നല്‍കിയ ഭൂമിയാണ് ജോസഫിന്റെ കൈവശത്തിലെത്തിയത്. ബന്ധുവായ തോമസ്
ചെറിയ തുക പ്രതിഫലം വാങ്ങിയാണ് ഭൂമി ജോസഫിനു നല്‍കിയത്. ഈ സ്ഥലത്തിനു പട്ടയം നേടുന്നതിനു ജോസഫ് കല്‍പറ്റ ലാന്‍ഡ് ട്രിബ്യൂണലില്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. ജോസഫിന്റെ കൈവശമുള്ളതു നിക്ഷിപ്ത വനഭൂമിയാണെന്ന തെറ്റായ വിവരം തരിയോട് ജോലി ചെയ്തിരുന്ന വനം ഉദ്യോഗസ്ഥന്‍ ലാന്‍ഡ് ട്രിബ്യൂണലിനെ അറിയിച്ചതാണ് പട്ടയം അനുവദിക്കുന്നതിനു തടസ്സമായത്. ജോസഫിനോടു വ്യക്തിവിരോധമുള്ളയാളായിരുന്നു വനം ഉദ്യോഗസ്ഥന്‍. വനത്തില്‍നിന്നു തടിയും വിറകും കടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തിയതാണ് ഉദ്യോഗസ്ഥന്റെ വിരോധത്തിനു ഇടയാക്കിയതെന്നു ജോസഫ് പറയുന്നു.
തരിയോട് നോര്‍ത്ത് വില്ലേജില്‍ 1981ല്‍ 11 പേരുടെ ഭൂമിയാണ് കെ.എസ്.ഇ.ബി ഏറ്റെടുത്തത്. ഇതില്‍ ജോസഫും അവകാശികളില്ലാതെ മരിച്ച മറ്റൊരാളും ഒഴികെയുള്ളവര്‍ക്കു നഷ്ടപരിഹാരം ലഭിച്ചു. കൈവശ കുടുംബങ്ങള്‍ക്കു പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ടു 1989ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം വൈത്തിരി താലൂക്കിലെ കോട്ടപ്പടി, തൃക്കൈപ്പറ്റ, മൂപ്പൈനാട്, തരിയോട്, പടിഞ്ഞാറത്തറ, വെള്ളരിമല വില്ലേജുകളില്‍ സംയുക്ത പരിശോധന നടന്നിരുന്നു. പരിശോധനയില്‍ അര്‍ഹരെന്നു കണ്ടെത്തിയ 477 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും ജോസഫിനു പട്ടയമോ കൈവശരേഖയോ കിട്ടിയില്ല. ഭൂമിക്കു രേഖയും വൈദ്യുതി ബോര്‍ഡില്‍നിന്നു നഷ്ടപരിഹാരവും ലഭിക്കാത്ത സാഹചര്യത്തില്‍ 2002ല്‍ ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. സംയുക്ത പരിശോധനയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നു 2004ല്‍ കോടതി ഉത്തരവായെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. സാമ്പത്തിക പരാധീനതമൂലം ജോസഫിനു വീണ്ടും കോടതിയെ സമീപിക്കാന്‍ കഴിഞ്ഞില്ല. പ്രശ്‌നപരിഹാരത്തിനു ജോസഫ് റവന്യൂ വകുപ്പിന്റെ ഫയല്‍ അദാലത്തില്‍ അപേക്ഷ നല്‍കിയതും വിഫലമായി.
ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ടു വൈത്തിരി തഹസില്‍ദാര്‍(ഭൂരേഖ) ജില്ലാ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ജോസഫിന്റെ കൈവശമുണ്ടായിരുന്നതു തരിയോട് വില്ലേജില്‍ പഴയ സര്‍വേ നമ്പര്‍ 782/1ല്‍പ്പെട്ട വനഭൂമിയാണെന്നാണ് പറയുന്നത്. സ്ഥലത്തിനു കൈവശരേഖ നല്‍കുന്നതിനു തടസ്സമുള്ളതായി കല്‍പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 1989ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം നടന്ന സംയുക്ത പരിശോധനയുടെ രേഖകള്‍ ഓഫീസില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോസഫിനും കുടുംബത്തിനും പിന്തുണ അറിയിച്ചു കാര്‍ഷിക പുരോഗമനസമിതിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 11.30നു വൈത്തിരി താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തുമെന്നു ചെയര്‍മാന്‍ പി.എം.ജോയി, കണ്‍വീനര്‍ ഗഫൂര്‍ വെണ്ണിയോട് എന്നിവര്‍ അറിയിച്ചു. ഉദ്യോഗസ്ഥതലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഇരയാണ് ജോസഫെന്നു ഇവര്‍ പറഞ്ഞു.

പണിയ സമുദായത്തിനു അഭിമാനമായി എസ്.ബിന്ദു
കല്‍പറ്റ-വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയിലെത്തിയ എസ്.ബിന്ദു പട്ടികവര്‍ഗത്തില്‍ പിന്നാക്കം നില്‍ക്കുന്ന പണിയ സമുദായത്തിനു അഭിമാനമായി. വയനാടിന്റെ ചരിത്രത്തിലാദ്യമായാണ് പണിയ സമുദായാംഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയിയെത്തുന്നത്. തദ്ദേശഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലൊന്നില്‍ പണിയ വനിത എത്തിപ്പെട്ടതു സമുദായത്തെ സംബന്ധിച്ചിടിത്തോളം സുന്ദര മുഹൂര്‍ത്തങ്ങളിലൊന്നാണെന്നു കേരള കേരള പണിയ സമാജം പ്രസിഡന്റ് കെ.ബലറാം പറഞ്ഞു.
ജില്ലാ പഞ്ചായത്തിലെ മേപ്പാടി പട്ടികവര്‍ഗ സംവരണ ഡിവിഷന്‍ പ്രതിനിധിയാണ് ബിന്ദു. സി.പി.ഐ ടിക്കറ്റില്‍ വിജയിച്ച ഇവര്‍ നറുക്കെടുപ്പിലൂടെയാണ് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷയായത്.
മേപ്പാടി ഏലവയല്‍ പണിയ കോളനിയിലെ ശാന്തയുടെ മകളാണ് 37 കാരിയായ ബിന്ദു. കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനി ഗേള്‍സ് ഹൈസ്‌കൂളില്‍നിന്നു എസ്.എസ്.എല്‍.സി പാസായ ഇവര്‍ ചിന്തലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലാണ് തുടര്‍ പഠനം നടത്തിയത്. പിന്നീട് വൈത്തിരി സ്വദേശി ഷാജിയെ ജീവിത പങ്കാളിയാക്കിയ ബിന്ദു രണ്ടു മക്കളുടെ അമ്മയായി. കുറച്ചുകാലം പുത്തുമല അങ്കണവാടിയില്‍ ജോലി ചെയ്ത ഇവര്‍ വീട്ടുകാര്യവും കുറച്ചു നാട്ടുകാര്യവുമായി കഴിയുന്നതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു അവസരമൊരുങ്ങിയത്. ഇടതു മുന്നണിയില്‍ ലോക് താന്ത്രിക് ദളുമായി ദിവസങ്ങളോളം പടയടിച്ചുവാങ്ങിയ സീറ്റില്‍ ബിന്ദുവിനെ സി.പി.ഐ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. യു.ഡി.എഫും ബി.ജെ.പിയും പുരുഷന്‍മാരെ മത്സരത്തിനിറക്കിയപ്പോഴാണ് സി.പി.ഐ വനിതയ്ക്കു ടിക്കറ്റ് നല്‍കിയത്.
ജില്ലാ പഞ്ചായത്ത് വൈസ ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഐകകണ്‌ഠ്യേനയാണ് ബിന്ദുവിനെ സ്ഥാനാര്‍ഥിയാക്കിയത്. വോട്ടെടുപ്പില്‍ മുസ്‌ലിംലീഗിലെ കെ.ബി.നസീമയുമായി തുല്യനില പാലിച്ചതിനെത്തുടര്‍ന്നു നടത്തിയ നറുക്കെടുപ്പിലൂടെയാണ് ബിന്ദു ജില്ലാ പഞ്ചായത്തിന്റെ ഉപാധ്യക്ഷ പദവിയിലെത്തിയത്. ഇത് പണിയ സമുദായത്തെ സംബന്ധിച്ചിടത്തോളം ചരിത്രനിമിഷവുമായി.
കേരളത്തില്‍ വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലുള്ള ആദിവാസി വിഭാഗമാണ് പണിയര്‍. പണിയ സമുദായത്തില്‍പ്പെട്ടവര്‍ ഏറ്റവും കൂടുതല്‍ വയനാട്ടിലാണ്. 2011ലെ കണക്കനുസരിച്ചു 1,51,443 ആണ് ജില്ലയിലെ ആദിവാസി ജനസംഖ്യ. ഇതില്‍ 69,116 പേര്‍ പണിയ വിഭാഗത്തില്‍പ്പെട്ടതാണ്. കുറിച്യ, കുറുമ, അടിയ, കാട്ടുനായ്ക്ക തുടങ്ങിയ വിഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് ജില്ലയിലെ പട്ടികവര്‍ഗ സമൂഹം. ആദിവാസി ജനസംഖ്യയില്‍ പ്രഥമ സ്ഥാനത്താണെങ്കിലും തെരഞ്ഞെടുപ്പുകളില്‍ പണിയ സമുദായത്തിനു മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ പട്ടികവര്‍ഗ സംവരണ സീറ്റുകളില്‍ കുറുമ, കുറിച്യ വിഭാഗങ്ങള്‍ക്കാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവെ അവസരം നല്‍കുന്നത്. അസംഘടിതരായിരുന്ന പണിയ സമുദായാംഗങ്ങള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയശേഷമാണ് ഈ അവസ്ഥയ്ക്കു കുറച്ചെങ്കിലും മാറ്റമായത്. നിലവില്‍ ജില്ലയിലെ വിവിധ
തദ്ദേശ സ്ഥാപന ഭരണസമിതികളില്‍ പണിയ സമുദായത്തിനു പ്രാതിനിധ്യമുണ്ട്. വിദ്യാഭ്യാസമില്ലാത്തവരെന്ന പേരുദോഷം പണിയ സമുദായം മായ്്ച്ചുവരികയാണ്. പണിയ കുട്ടികള്‍ സ്‌കൂളില്‍ പോകാത്ത കാലം പഴങ്കഥയായി. സര്‍ക്കാരിന്റെയും സന്നദ്ധപ്രസ്ഥാനങ്ങളുടെയും നിരന്തര ശ്രമഫലമാണിത്. ഉന്നത വിദ്യാഭ്യാസം ലഭിച്ചവര്‍ പണിയര്‍ക്കിടയില്‍ കുറവല്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നതിനു പണിയ സംഘടനാ നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.