നെന്മേനി പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പണിയ സമുദായത്തിന് നൽകണമെന്ന് കേരള പണിയർ സമാജം ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിന്നും വിജയിച്ച ബിന്ദു അനന്തൻ ഏറ്റവും പിന്നോക്കം നിൽക്കുന്ന പണിയ സമുദായത്തിൽ നിന്നുള്ളതാണ്. പ്രസിഡൻ്റ് സ്ഥാനത്തിന് ബിന്ദു അനന്തന് അർഹതയുണ്ടായിട്ടും, ചില നേതാക്കളുടെ സ്വന്തം താൽപര്യത്തിനനുസരിച്ചാണ് സീറ്റ് കൊടുക്കുവാൻ ഉദ്ദേശിക്കുന്നതെന്നും ഇവർ ആരോപിച്ചു. ഡി സി സിയിലും കെ പി സി സിയിലും ബ്ലോക്ക് ജില്ലാ കമ്മിറ്റികളിലും പണിയ സമുദായത്തിന് ഒരു ഭാരവാഹിത്വവുമില്ല. അതെല്ലാം തന്നെ പട്ടികവർഗ്ത്തിലെ മറ്റു സമുദയ വിഭാഗക്കാർ പിടിച്ചു വാങ്ങുകയാണ് ചെയ്യുന്നതെന്നും, പണിയ വിഭാഗത്തിൻ്റെ വോട്ട് മാത്രമാണ് രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യമെന്നും ഇവർ കുറ്റപ്പെടുത്തി. സമുദയത്തെ എപ്പോഴും അവഗണിച്ചു കൊണ്ടാണ് എല്ലാ രാഷ്രീയ പാർട്ടികളും പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. കേരള പണിയർ സമാജം ജില്ലാ ഭാരവാഹികളായ ബാലകൃഷ്ണൻ വെെത്തിരി, കെ ബാലറാം എന്നിവർ പങ്കെടുത്തു.