പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പി എം ശ്രീയില്‍ ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് എംഎ ബേബിയുടെ വിമര്‍ശനം. ധാരണാപത്രത്തില്‍ ഒപ്പിടുന്നത് എല്ലാവര്‍ക്കും വ്യക്തത വരുന്ന രീതിയിലാകണമായിരുന്നുവെന്നും എംഎ ബേബി പറഞ്ഞു.
ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് മുന്‍പ് അതില്‍ വ്യക്തത വരുത്തണമായിരുന്നുവെന്നും ഇതേ കാര്യം മുഖ്യമന്ത്രി പറഞ്ഞതാണല്ലോ എന്നും എംഎ ബേബി ചോദിച്ചു. ഈയൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ ഉപസമിതി ഇപ്പോള്‍ രൂപീകരിച്ചത്. ഇനി ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് വിലയിരുത്തുന്നതിനാണ് നമ്മള്‍ ഊന്നല്‍ കൊടുക്കേണ്ടതെന്നും എംഎ ബേബി പറഞ്ഞു.
എംഎ ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ നടത്തിയ ചില നിര്‍ണായക കൂടിക്കാഴ്ചയാണ് ധാരണാപത്രം മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് വഴിവച്ചിരുന്നത്. സിപിഐയും സിപിഐഎമ്മും ചേര്‍ന്ന് എല്ലാവരും ആഗ്രഹിച്ച ഒരു തീരുമാനമെടുത്തുവെന്നും സിപിഐ ജനറല്‍ സെക്രട്ടറി എ കെ ജി ഭവനില്‍ വന്ന് കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും എംഎ ബേബി പറഞ്ഞു. പിഎം ശ്രീ വിഷയത്തില്‍ സിപിഐ എതിര്‍പ്പറിയിച്ചതില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് മുതിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി പരിശോധിക്കില്ല. മന്ത്രിസഭ ഉപസമിതി വിഷയം പരിശോധിക്കുന്നുണ്ട് അതിനാല്‍ മറ്റു പരിശോധനകള്‍ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









