Headlines

പിഎം ശ്രീ വിവാദം: ഒരടിപോലും പിന്നോട്ട് പോകാതെ CPI; ഒടുവിൽ‌ മുട്ടുമടക്കി CPIM

പിഎം ശ്രീ പദ്ധതി ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചുവെന്ന വാർത്തകൾ പുറത്തുവന്നതുമുതൽ എൽഡിഎഫിൽ പ്രശ്നങ്ങളും ആരംഭിച്ചു. പിഎം ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമാണെന്നും ഒരിക്കലും അം​ഗീകരിക്കില്ലെന്നുമുള്ള സിപിഐയുടെ ഉറച്ച നിലപാടിൽ എൽഡിഎഫ് വട്ടം ചുറ്റി. മന്ത്രി സഭാ യോ​ഗം ബഹിഷ്കരണം അടക്കമുള്ള കർശന നിലപാടുകളിലേക്ക് സിപിഐ കടന്നതോടെ ധാരണാപത്രം മരവിപ്പിക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർ​ഗമില്ലാതെയായി. ധാരണാ പത്രം മരവിപ്പിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും സിപിഐ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവും ആവർത്തിച്ച് നിലപാട് വ്യക്തമാക്കി. ഒടുവിൽ സിപിഐയുടെ കടുത്ത നിലപാടിന് മുന്നിൽ വല്യേട്ടന് മുട്ടുമടക്കേണ്ടി വന്നു.

ഒരടിപോലും പിന്നോട്ടില്ല

പിഎംശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന ഒറ്റ ആവശ്യത്തിൽനിന്ന് ഒരടിപോലും പിന്നോട്ടില്ലാതെ സിപിഐ ഉറച്ചുനിന്നു. മന്ത്രിസഭ യോ​ഗത്തിൽ ഉൾപ്പെടെ സിപിഐ മന്ത്രിമാർ എതിർത്തിരുന്ന പിഎം ശ്രീ പദ്ധതിയാണ് എതിർപ്പ് മറികടന്ന് ധാരണാപത്രത്തിൽ സർക്കാർ ഒപ്പുവെച്ചത്. പിഎം ശ്രീ പദ്ധതിയെ അം​ഗീകരിക്കില്ലെന്ന സിപിഐയുടെ നിലപാടിനെ സിപിഐഎം ​ഗൗരവത്തോടെ എടുത്തിരുന്നില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. എന്ത് സിപിഐ എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ മറുപടി ഇത് വ്യക്തമാക്കുന്നതാണ്. ബ്രൂവറി വിഷയത്തിൽ പിന്നോട്ടുപോയതു പോലെ സിപിഐ ഈ വിഷയത്തിലും അയയുമെന്നായിരുന്നു സിപിഐഎമ്മിന്റെ വിലയിരുത്തൽ. എന്നാൽ സിപിഐഎമ്മിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് സിപിഐ പിഎം ശ്രീ പദ്ധതിയിലെ എതിർപ്പിൽ ഉറച്ച് നിന്നു. പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മുന്നണിമര്യാദയുടെ ലംഘനമെന്ന വിമർശനവും സിപിഐ നിരന്തരം ഉയർത്തി.

ഫലം കാണാതെ കൂടിക്കാഴ്ചകൾ

സിപിഐയുടെ കടുത്ത നിലപാടിൽ എൽഡിഎഫ് ആടിയുലഞ്ഞു. സിപിഐയെ അനുനയിപ്പിക്കാൻ ചർച്ചകൾ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ആദ്യം സിപിഐ സംസ്ഥാന നേതൃത്വവുമായി ചർച്ചയ്ക്ക് എത്തിയത്. കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ലെന്ന് സിപി ഐ എമ്മിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ശിവൻകുട്ടിയുടെ എം എൻ സ്മാരക സന്ദർശനം. എന്നാൽ ഈ കൂടിക്കാഴ്ചയിൽ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ സിപിഐ നിലനിന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി ബിനോയ് വിശ്വവമായി ചർച്ച നടത്തുമെന്ന് അറിയിച്ചത്. എന്നാൽ ഈ ചർച്ചയും ഫലം കണ്ടില്ല. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച പ്രശ്നം തണുപ്പിച്ച് എടുക്കാനുള്ള ശ്രമം എന്നാണ് സിപിഐ വിലയിരുത്തിയത്.

സബ് കമ്മിറ്റി രൂപീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ നിർദേശം സിപിഐ തള്ളി നിലപാട് വ്യക്തമാക്കി. സബ് കമ്മിറ്റി എന്ന നിർദേശത്തിൽ ആത്മാർഥതയുണ്ടെങ്കിൽ അതുവരെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രം മരവിപ്പിച്ചു നിർത്തണമെന്നായിരുന്നു സിപിഐ മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാൽ മുഖ്യമന്ത്രിയും സിപിഐയുടെ കർശന നിലപാടിന് വഴങ്ങിയില്ല. സിപിഐയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. പിന്നാലെ നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ച് ബിനോയ് വിശ്വം ചർച്ച അവസാനിപ്പിക്കുകയായിരുന്നു.

ദേശീയ നേതൃത്വവുമായും ചർച്ചകൾ നടന്നെങ്കിലും സിപിഐയുടെ സംസ്ഥാന നേത‍ൃത്വത്തിനൊപ്പമായിരുന്നു ദേശീയ നേതൃത്വവും നിലനിന്നത്. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായി ചർച്ച നടത്തിയെങ്കിലും വിജയമുണ്ടായില്ല. കൂടിക്കാഴ്ചയിൽ പിഎം ശ്രീയിൽ ഒപ്പിട്ടതിലെ അതൃപ്തി ഡി രാജ അറിയിച്ചു. മുന്നണി മര്യാദകൾ ലംഘിച്ചുവെന്നും നടപടി പാർട്ടി നയത്തിന് വിരുദ്ധമാണെന്നും ഡി രാജ പറഞ്ഞു.

മന്ത്രി സഭ ബഹിഷ്കരണവും, CPI മന്ത്രിമാരുടെ കത്തും

പി എം ശ്രീ പദ്ധതിയുടെ ധാരണപത്രം ഒപ്പിടുന്ന കാര്യത്തിൽ വഞ്ചിക്കപ്പെട്ടു എന്ന് സിപിഐ മന്ത്രിമാർ അതൃപ്തി നിലപാട് ശക്തമാക്കി. അതൃപ്തി അറിയിച്ച് കൊണ്ട് നാല് സിപിഐ മന്ത്രിമാരും ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് നൽകി. തീർത്തും തെറ്റായ രീതിയാണെന്ന് മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സിപിഐ ഉറച്ചുനിന്നതും സിപിഐഎമ്മിനെ വെട്ടിലാക്കി. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കിയതോടെ അനുനയ നീക്കവും സിപിഐഎം വേ​ഗത്തിലാക്കി. പദ്ധതിയിൽ നിന്ന് പിന്മാറിയിട്ട് മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതാകും നല്ലതെന്നായിരുന്നു സിപിഐയുടെ നിലപാട്. സിപിഐ മുന്നോട്ടുവെച്ച നിലപാടിനോട് യോജിച്ചില്ലെങ്കിൽ‌ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്. ഇതുമലൂം ഇടതുമുന്നണി ഐക്യം തകർന്നാൽ തങ്ങൾ ഉത്തരവാദികളല്ലെന്നും സിപിഐ വ്യക്തമാക്കിയിരുന്നു.

ഒടുവിൽ മഞ്ഞുരുക്കം, മുട്ടുമടക്കി CPIM

ഒടുവിൽ‌ സിപിഐയുടെ ആവശ്യത്തിന് മുന്നിൽ‌ സിപിഐഎമ്മിന് വഴങ്ങേണ്ടി വന്നു. ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നൽകും. കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീർപ്പിന് വഴങ്ങുന്നത്. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാധി. ആ ഉപാധിക്കാണ് വഴങ്ങുന്നത്.