Headlines

പി എം ശ്രീ പദ്ധതി: കേരള സര്‍ക്കാര്‍ നിലപാടില്‍ സിപിഐഎം പ്രതിരോധത്തില്‍; സിപിഐയെ തള്ളി കേരള ഘടകം

രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന പി എം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം വിവാദമാവുന്നു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സി പി ഐ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയതാണ് മുന്നണിയെ പ്രതിരോധത്തിലാക്കിയത്. സിപിഐയെ തള്ളിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടിനെതിരെ പാര്‍ട്ടി ജന.സെക്രട്ടറി രംഗത്തെത്തിയതോടെ പി എം ശ്രീ വീണ്ടും കേരളരാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയമാവുകയാണ്. കേരളം, തമിഴ്നാട്, ഡല്‍ഹി, പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പി എം ശ്രീ പദ്ധതിയുമായി സഹകരിക്കില്ലെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. നിലവില്‍ തമിഴ്നാട് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പഞ്ചാബ് പദ്ധതിയില്‍ നിന്നും പിന്‍വലിയുകയായിരുന്നു.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിജെപി തങ്ങളുടെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പി എം ശ്രീ പദ്ധതിയില്‍ ചേരില്ലെന്നായിരുന്നു സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന്റെ നിലപാട്. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം വച്ചുള്ള ബോര്‍ഡ് സ്ഥാപിക്കുന്നതിനെ അംഗീകരിക്കില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ പി എം ശ്രീ പദ്ധതിയില്‍ ധാരണാ പത്രത്തില്‍ ഒപ്പു വെക്കാന്‍ ഒരുക്കമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പദ്ധതിയെ അംഗീകരിക്കുക മാത്രമാണ് ഏക പോംവഴിയെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. സി പി ഐ മന്ത്രിമാരുടെ ശക്തമായ വിയോജിപ്പുകളെ മറികടന്നാണ് പി എം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ന്യായീകരിച്ചതിനെ പാര്‍ട്ടി ജന.സെക്രട്ടറി തള്ളിയിട്ടുണ്ട്. എന്ത് സിപിഐ എന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

സിപിഐയുടെ കൂടി താത്പര്യങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചുമാത്രമേ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും, കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്നുമാണ് എം എ ബേബി വ്യക്തമാക്കുന്നത്. പദ്ധതി അംഗീകരിക്കില്ലെന്നും, നയം അംഗീകരിക്കാതെ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ആലോചിക്കുന്നത് എന്നുമാണ് ബേബിയുടെ അഭിപ്രായം.എന്നാല്‍ എം ഒ യു ഒപ്പിട്ടാല്‍ പി എം ശ്രീ പദ്ധതിയില്‍ വിഭാവനം ചെയ്യുന്ന എല്ലാം അംഗീകരിക്കുകയും നടപ്പാക്കുകയും വേണ്ടിവരും. ഭേദഗതികളോടെ പദ്ധതിയുടെ ഭാഗമാകാനോ കഴിയില്ല. കേന്ദ്രം പണം തരുമ്പോള്‍ അത് വേണ്ടെന്ന് വെക്കാന്‍ കഴിയില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയുടെ അഭിപ്രായം. 1466 കോടി ലഭിക്കുമ്പോള്‍ എന്തിന് വേണ്ടെന്നു വെക്കുന്നു എന്നായിരുന്നു മന്ത്രിയുടെ നിലപാട്.

പി എം ശ്രീ പദ്ധതിയുടെ ഭാഗമാവില്ലെന്ന തമിഴ്നാട് സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ചുള്ള ഇടതുമുന്നണി കണ്‍വീനറുടെ നിലപാടും വിചിത്രമായിരുന്നു. തമിഴ്‌നാടിന് സാമ്പത്തിക ഭദ്രതയുണ്ടെന്നും, കേരളത്തിന് അതില്ലെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പ്രതികരണം. സി പി ഐയ്ക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും, മുന്നണിയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നുമാണ് എല്‍ ഡി എഫ് കണ്‍വീനറുടെ നിലപാട്.ഒരേ വിഷയത്തില്‍ സിപിഐഎം നേതാക്കള്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതില്‍ സിപിഐ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ആശ്വാസ വാക്കുകളുമായി എം എ ബേബി രംഗത്തെത്തിയത്.

ഇതേസമയം പി എം ശ്രീ പദ്ധതിയുമായി സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്. 2024ല്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാ പത്രം ഒപ്പിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. സിപിഐയുടെ അഭിപ്രായം നേരത്തെ ആരാഞ്ഞിരുന്നില്ല. പി എം ശ്രീയുടെ ഭാഗമാകാന്‍ തീരുമാനിച്ചതായുള്ള മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവനയോടെയാണ് സി പി ഐ എതിര്‍പ്പുമായി രംഗത്തെത്തിയത്.

പ്രധാന്‍മന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ എന്നാണ് പി എം ശ്രീ പദ്ധതിയുടെ പേര്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യവികസനത്തിലായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ. നിലവിലുള്ള സ്‌കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം അധ്യാപക ദിനത്തിലാണ് പ്രധാനമന്ത്രി പി എം ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. 27,0000 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചത്.
സ്‌കൂളുകളുടെ നിയന്ത്രണം കേന്ദ്രത്തിന്റെ കൈകളിലേക്ക് മാറുമെന്നും, പാഠ്യപദ്ധതി ആവിഷ്‌ക്കാരിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സര്‍ക്കാരിന് കൈമോശം വരുമെന്നുമായിരുന്നു പ്രധാന ആരോപണം. മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന ഹിന്ദുത്വ അജണ്ടകള്‍ പാഠ്യപദ്ധതിയില്‍ കടന്നുകൂടുമെന്നായിരുന്നു ആശങ്ക. കേന്ദ്രത്തിന്റെ പി എം ശ്രീയില്‍ പങ്കാളിയാവില്ലെന്നും, സമ്മര്‍ദമുണ്ടായാല്‍ കോടതിയില്‍ പോകുമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.