ശിരോവസ്ത്ര വിവാദം, സെൻ്റ് റീത്താസ് സ്കൂളിൽ നിന്ന് ടിസി വാങ്ങി; പിതാവ് അനസ് രണ്ടു കുട്ടികളെയും മറ്റൊരു സ്കൂളിൽ ചേർത്തു

ശിരോവസ്ത്ര വിവാദത്തിൽ പിതാവ് അനസ് രണ്ടു കുട്ടികളെയും മറ്റൊരു സ്കൂളിൽ ചേർത്തു. ഡോൺ പബ്ലിക് സ്കൂളിലാണ് വിദ്യാർത്ഥികളെ ചേർത്തത്. സെൻ്റ് റീത്താസ് സ്കൂളിൽ നിന്ന് ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുകയാണെന്ന് പിതാവ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ പിതാവ് അനസ് ആണ് കുട്ടിയുടെ സ്‌കൂള്‍ മാറ്റം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. ”തന്റെ മകള്‍ ഇന്ന് പുതിയ സ്‌കൂളിലേക്ക് പോവുകയാണ്. അവളുടെ അന്തസ്സ് ഉയര്‍ത്തിപിടിച്ചു തന്നെ. അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്കാണ് പോകുന്നു” എന്ന് അനസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ഒരു സാധാരണക്കാരനായ താന്‍ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നിന്ന ആളുകള്‍ക്ക് നന്ദിയും അനസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍, ആള്‍ക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിന്‍ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവന്‍ പേര്‍ക്കും നന്ദി. വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കള്‍ യാത്ര തുടരട്ടെ.. എന്നും അനസ് പോസ്റ്റില്‍ പറയുന്നു.

കോടതി ഇടപെട്ടാണ് ഒടുവില്‍ തര്‍ക്കം അവസാനിപ്പിച്ചത്. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചതോടെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു. ആക്ഷേപം ഉയര്‍ന്ന സ്‌കൂളിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.: