പി എം ശ്രീയില്‍ ഏറ്റവും കൂടുതല്‍ ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ മന്ത്രിയാണ് വി ശിവന്‍കുട്ടി. ഇപ്പോഴിതാ മന്ത്രി ശിവന്‍കുട്ടി സി പി ഐ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കയാണ്. സി പി ഐയുടെ ഓരോ വാക്കുകളും തനിക്ക് കടുത്ത വേദനയുണ്ടാക്കിയെന്നാണ് മന്ത്രി വി ശിവന്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ പി എം ശ്രീ പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയതിന്റെ പേരിലാണ് ശിവന്‍കുട്ടി കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത്. സ്വന്തം മുന്നണിയില്‍ നിന്നുള്ള ശക്തമായ ആക്രമണം മന്ത്രി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
പി എം ശ്രീയില്‍ ഒപ്പിടുന്നത് വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചമാത്രം ലക്ഷ്യമിട്ടാണെന്നുള്ള മന്ത്രിയുടെ നിലപാടിനെതിരെ സിപി ഐ നേതൃത്വം ശക്തമായ നിലപാട് സ്വീകരിച്ചു. പി എം ശ്രീ പദ്ധതിയില്‍ പണം വാങ്ങുന്നതില്‍ മാത്രമാണ് ധാരണയെന്നും, കേന്ദ്ര വിദ്യാഭ്യാസ നയം ഒരു കാരണവശാലും നടപ്പാക്കില്ലെന്നുമാണ് ശിവന്‍കുട്ടി വ്യക്തമാക്കിയത്. എന്നിട്ടും ആ സത്യം തിരിച്ചറിയാന്‍ സി പി ഐ നേതൃത്വം തയ്യാറായില്ലെന്നതാണ് സിപിഐഎമ്മിനെ ആകെ വേദനിപ്പിച്ചത്. പി എം ശ്രീ വിഷയത്തില്‍ മന്ത്രി ശിവന്‍കുട്ടി വലിയ ആവേശത്തിലായിരുന്നു. 1400 കോടി രൂപ ലഭിക്കുന്നതിന്റെ സന്തോഷം മന്ത്രിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ‘സന്തോഷം കൊണ്ട് തനിക്കിരിക്കാന്‍ വയ്യേ’ എന്ന അവസ്ഥയിലായിരുന്നു ഈ ദിവസങ്ങളില്‍ മന്ത്രി. എന്നാല്‍ സിപിഐ പിഎം ശ്രീ പദ്ധതിക്കെതിരെ അതിശക്തമായ ചെറുത്തു നില്‍പ്പ് പ്രഖ്യാപിച്ചതോടെ സര്‍ക്കാരിന് വിഷയത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടതായി വന്നു. മന്ത്രിസഭാ ബഹിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള കടുത്ത നിലപാട് പ്രഖ്യാപിച്ച സിപിഐയെ അനുനയിപ്പിക്കാന്‍ ആദ്യം എം എന്‍ സ്മാരകത്തില്‍ എത്തിയതും മന്ത്രി ശിവന്‍കുട്ടിയായിരുന്നു. മന്ത്രി ജി ആര്‍ അനിലിനേയും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തേയും നേരില്‍ കണ്ട് പി എം ശ്രീയുടെ ഗുണവശങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ടും മന്ത്രിയെ സംബന്ധിച്ചിടത്തോളം പൊളിറ്റിക്കലി തിരിച്ചടിയാണ് ഉണ്ടായത്. പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയേണ്ടതായും വന്നു. പി എം ശ്രീ പദ്ധതിയില്‍ നിന്നും വരുമെന്ന് കേട്ടിരുന്ന കോടികള്‍ എന്തു ചെയ്യണമെന്നൊക്കെ മനക്കോട്ട കെട്ടി തുടങ്ങുമ്പോഴായിരുന്നു സി പി ഐയുടെ വേദനയുണ്ടാക്കിയ നിലപാട്.
മന്ത്രി ജി ആര്‍ അനില്‍, സി പി ഐയുടെ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍, കെ പ്രകാശ് ബാബു തുടങ്ങിവരില്‍ നിന്നാണ് ശിവന്‍കുട്ടി വേദന ഏറ്റുവാങ്ങിയത്. തന്റെ കോലം കത്തിച്ച എ ഐ വൈ എഫിന്റെ പ്രതിഷേധമാണ് മന്ത്രിയുടെ മനസിനെ വല്ലാതെ വേദനിപ്പിച്ചത്. മന്ത്രി ജി ആര്‍ അനില്‍ ആണ് മറ്റൊരു വേദനയ്ക്ക് കാരണമായത്. കാബിനറ്റിലെ പ്രധാനവകുപ്പിന്റെ ചുമതലക്കാരനും പ്രമുഖനുമായ മന്ത്രി അനില്‍ വി ശിവന്‍കുട്ടിക്കെതിരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞതാണ് വേദന രൂക്ഷമാക്കിയത്.
സിപി ഐയുടെ പ്രധാന നേതാവായ പ്രകാശ് ബാബു, സി പി ഐ എം ജന. സെക്രട്ടറി എം എ ബേബിയെ അധിക്ഷേപിച്ച് പ്രസ്താവന ഇറക്കിയതും തന്നെ വേദനിപ്പിച്ചുവെന്നാണ് ശിവന്‍കുട്ടി പറയുന്നത്. ബേബി നിസ്സഹായന്‍ ആണെന്നായിരുന്നു സി പി ഐ ദേശീയ എക്സിക്യൂട്ടീവ് മെമ്പറായ പ്രകാശ് ബാബുവിന്റെ ആരോപണം. രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്നത്തെ വ്യക്തിപരമായി കണ്ടു. എ ഐ വൈ എഫ് തന്നെ വര്‍ഗിയവാദിയാക്കാന്‍ ശ്രമം നടത്തിയെന്നും ശിവന്‍കുട്ടിയുടെ ആരോപണം നീളുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനാണ് പി എം ശ്രീ പദ്ധതി അടിച്ചേല്‍പ്പിക്കുന്നതെന്നായിരുന്നു സി പി ഐയുടെ ആരോപണം. കേരളസര്‍ക്കാര്‍ ആദ്യമൊക്കെ പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടരുതെന്ന നിലപാടില്‍ ഉറച്ചു നിന്നു. എന്നാല്‍ പെട്ടെന്ന് സര്‍ക്കാര്‍ പി എം ശ്രീയില്‍ ഒപ്പുവച്ചുവെന്ന വിവരം പുറത്തുവരുകയായിരുന്നു. ഇതോടെയാണ് മന്ത്രിമാരും, സി പി ഐ നേതൃത്വവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് പ്രതികരണവുമായി രംഗത്തെത്തിയത്.
പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടേണ്ടിവരുമെന്ന് ആദ്യം കേരളത്തെ അറിയിച്ചത് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയായിരുന്നു. ആദ്യം മുതല്‍ കടുത്ത എതിര്‍പ്പുമായി സി പി ഐ രംഗത്തുണ്ടായിരുന്നുവെങ്കിലും സി പി ഐയെ പിന്നീട് സാഹചര്യം ബോധ്യപ്പെടുത്തി ഒരുമിച്ച് നിര്‍ത്താന്‍ കഴിയുമെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയും സി പി ഐ എമ്മും കരുതിയിരുന്നത്. എന്നാല്‍ പി എം ശ്രീ ആരോപണം ചര്‍ച്ചയായപ്പോള്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി എന്ത് സിപിഐ എന്ന് ചോദിച്ചത് സിപിഐയെ പ്രകോപിപ്പിച്ചു. ഇതാണ് കടുത്ത പ്രയോഗങ്ങളിലേക്ക് വഴിവച്ചത്.
വിദ്യാഭ്യാസ മേഖലയ്ക്ക് കുറച്ച് കോടികള്‍ ലഭിക്കുന്നതിനെ നമ്മളായിട്ട് വേണ്ടതില്ലെന്നു പറയണോ എന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടി ഉയര്‍ത്തിയ ചോദ്യം. എന്നാല്‍ സി പി ഐ മുന്നണിയിലെ എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ചാണ് തിരുത്തല്‍ ശക്തിയായി തുടര്‍ന്നത്. സി പി ഐ എം നേതൃത്വം ഒറ്റക്കെകെട്ടായി പി എം ശ്രീയ്ക്ക് പിന്തുണ നല്‍കിയിട്ടും പി എം ശ്രീ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറേണ്ടിവന്നത് സി പി ഐയുടെ കടും പിടുത്തം മൂലമായിരുന്നു എന്ന അഭിപ്രായമാണ് ശിവന്‍കുട്ടിയുടേത്. മനസിനേറ്റ വേദനയും അതാണെന്ന് വ്യക്തം.









