ഏഴ് വിക്കറ്റുകളുമായി ഷാർദൂൽ താക്കൂർ; വാണ്ടറേഴ്‌സിൽ നിർണായകമായി മൂന്നാം ദിനം

 

വാണ്ടറേഴ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എന്ന നിലയിലാണ്. 42 പന്തിൽ 35 റൺസുമായി ചേതേശ്വർ പൂജാരയും 11 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. ഇന്ത്യക്ക് നിലവിൽ 58 റൺസിന്റെ ലീഡുണ്ട്. മൂന്നാം ദിനമായ ഇന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ പ്രകടനമാകും ടെസ്റ്റിന്റെ ഫലത്തെ തീരുമാനിക്കുക

നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 229 റൺസിന് പുറത്തായിരുന്നു. 27 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് അവർ നേടിയത്. ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ഷാർദൂൽ താക്കൂറിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് വലിയ ലീഡ് നേടാനാകാതെ പോയത്. മുഹമ്മദ് ഷമി രണ്ടും ബുമ്ര ഒരു വിക്കറ്റുമെടുത്തു.

62 റൺസെടുത്ത പീറ്റേഴ്‌സണാണ് അവരുടെ ടോപ് സ്‌കോറർ. ബവുമ 51 റൺസും ജാൻസൺ 21 റൺസും വെറൈൻ 21 റൺസുമെടുത്തു. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ ആക്രമിച്ച് കളിക്കാനുള്ള നീക്കമാണ് നടത്തിയത്. 23 റൺസെടുത്ത മായങ്കിനെയും എട്ട് റൺസെടുത്ത രാഹുലിനെയുമാണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നാലെ ക്രീസിലെത്തിയ പൂജാരയും സ്‌കോറിംഗിന്റെ വേഗത കൂട്ടുകയായിരുന്നു.