കാര്യങ്ങൾ കോഹ്ലി വിചാരിച്ച പോലെ പോകുകയാണെങ്കിൽ സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റ് വിജയം എന്ന കടമ്പ ഇന്ത്യ മറികടക്കും. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ടെസ്റ്റിന്റെ ഡ്രൈവിംഗ് സീറ്റിലാണ് ഇന്ത്യ. 130 റൺസിന്റെ കൂറ്റൻ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ്. നിലവിൽ 146 റൺസിന്റെ ലീഡ് ഇന്ത്യക്കുണ്ട്
3ന് 272 എന്ന നിലയിൽ മൂന്നാം ദിനം ഇന്ത്യയാണ് ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ 327 റൺസ് എടുക്കുമ്പോഴേക്കും ഇന്ത്യ ഓൾ ഔട്ടായി. മറുപടി ബാറ്റിംഗ് ഇറങ്ങിയ ദക്ഷിണാഫ്രിക്കയാകട്ടെ 62.3 ഓവറിൽ 197 റൺസിന് ഓൾ ഔട്ടായതോടെ ഇന്ത്യക്ക് 130 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡും സ്വന്തമായി
അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ നാശം വിതച്ചത്. ബുമ്ര, ഷാർദൂൽ താക്കൂർ എന്നിവർ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമെടുത്തു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ബവുമ 52 റൺസെടുത്തു. ഡികോക്ക് 32 റൺസും റബാദ 25 റൺസുമെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല
രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. മായങ്ക് നാല് റൺസെടുത്ത് പുറത്തായി. അഞ്ച് റൺസുമായി കെ എൽ രാഹുലും നാല് റൺസുമായി ഷാർദൂൽ താക്കൂറുമാണ് ക്രീസിൽ