ഒമിക്രോണ്‍; കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വീണ്ടും നിയന്ത്രണം: പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം ഇങ്ങനെ

 

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. അണ്ടര്‍ സെക്രട്ടറി തലത്തില്‍ താഴെയുള്ള ജീവനക്കാരില്‍ പകുതിപ്പേര്‍ ഓഫീസില്‍ നേരിട്ട് എത്തിയാല്‍ മതി. മറ്റുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ ജോലി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 30,000 കടന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശം ഇറക്കിയത്. അംഗപരിമിതരെയും ഗര്‍ഭിണികളെയും ഓഫീസില്‍ വരുന്നതില്‍ നിന്ന് ഒഴിവാക്കി. ഓഫീസുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വ്യത്യസ്ത സമയങ്ങളിലായി ജീവനക്കാര്‍ ഓഫീസില്‍ എത്തണം.

,കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വീടുള്ള ജീവനക്കാര്‍ ഓഫീസുകളില്‍ വരേണ്ടതില്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഓഫീസുകളില്‍ ജീവനക്കാര്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.