വാക്‌സിനുകള്‍ സംയോജിപ്പിക്കാന്‍ അനുമതി; കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ

 

 

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ. കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. വാക്‌സിനുകള്‍ സംയോജിപ്പിച്ചാല്‍( covid vaccine mixing )ഫലപ്രാപ്തി കൂടുമോ എന്ന് പരിശോധിക്കും. വാക്‌സിന്റെ സംയോജിത പരീക്ഷണത്തിന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിന് സമിതി അനുമതി നല്‍കി.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വാക്‌സിന്‍ സംയോജിപ്പിക്കുന്നത് ഫലപ്രദമായെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ആണ്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നാല് ഘട്ട ട്രയല്‍ നടത്താനാണ് തീരുമാനം. മുന്നൂറോളം ആരോഗ്യ വൊളന്റിയര്‍മാരെ ഇതിനായി പ്രയോജനപ്പെടുത്തും.

കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകള്‍ ഒരു വ്യക്തിക്ക് നല്‍കി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നതാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. അതേസമയം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിനായുള്ള അനുമതി വിദഗ്ധ സമിതി നല്‍കുമോ എന്ന കാര്യത്തിലും തീരുമാനമുണ്ടാകും. 18നും 59നും ഇടയില്‍ പ്രായമുള്ളവരും 60നു മുകളില്‍ പ്രായമുള്ളവരും അടങ്ങിയ അറുനൂറോളം പേരെ പങ്കെടുപ്പിച്ചാണ് മൂന്നാം ഘട്ട ട്രയല്‍ നടത്തുകയെന്നും കമ്പനി അറിയിച്ചു.

അതേസമയം കേരളത്തിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും. കേരളത്തിലെ ഉയര്‍ന്നതോതിലുള്ള കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആറംഗ വിദഗ്ധസംഘത്തെ നിയോഗിച്ചു. സംസ്ഥാനസര്‍ക്കാരിനെ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുകയാണ് സംഘം ചെയ്യുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും.