ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കുന്നതിന് ആരേയും നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ മറ്റ് രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പോലെ ഫലപ്രദമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും കേന്ദ്രമന്ത്രാലയം പങ്കുവെച്ചു.
വാക്‌സിന്‍ സ്വീകരിക്കണമോ എന്നത് അവരവരുടെ തീരുമാനമാണ്. എന്നിരുന്നാലും വാക്‌സിന്റെ മുഴുവന്‍ ഡോസും സ്വീകരിക്കുന്നത് തന്നെയാണ് അനുയോജ്യം. സ്വയം സുരക്ഷിതമാവുന്നതോടൊപ്പം കുടുംബത്തിലേക്കും പുറത്തുള്ളവരിലേക്കും രോഗ വ്യാപനം ഉണ്ടാവുന്നത് കുറയ്ക്കാനും ഇത് സഹായിക്കുമെന്നും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രാലയം വ്യക്തമാക്കി.
വാക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. നിലവില്‍ ആറു വാക്‌സിനുകളാണ് ക്ലിനിക്കല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. ഐഎസിഎംആറും ഭാരത് ബയോടെക്കും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവാക്‌സിന്‍, സൈഡസ് കാഡിലയുടെ ഡിഎന്‍എ വാക്‌സിന്‍, ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡ്, നോവോവാക്‌സും സിറം ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് ഉത്പാദിപ്പിക്കുന്ന വാക്‌സിന്‍, റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് അഞ്ച് (ഇന്ത്യന്‍ കമ്പനിയായ ഡോ. റെഡ്ഡീസ് ആണ് ഇത് ഉത്പാദിപ്പിക്കുന്നത്), യുഎസ്എയിലെ എംഐറ്റിയുമായി ചേര്‍ന്നുള്ള ബയോളജിക്കല്‍ ഇ വാക്‌സിന്‍ എന്നിവയാണവ.