കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം 24-ആം ദിവസത്തിലേക്ക് കടന്നു. ഉത്തരേന്ത്യ കൊടും ശൈത്യത്തിലേക്ക് കടന്നെങ്കിലും ദേശീയ പാതകൾ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധം കർഷകർ തുടരുകയാണ്. സമരം കൂടുതൽ കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കര്‍ഷക സംഘടനകൾ ഇന്ന് യോഗം ചേരും. സുപ്രീംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്.
അതിനിടെ, കർഷകസമരത്തിൽ പിന്തുണയുമായി ബിജെപിയുടെ മുതിർന്ന നേതാവ് രംഗത്തെത്തി. മുൻകേന്ദ്രമന്ത്രി ബിരേന്ദർ സിംഗ് ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. കർഷകരുടെ ആവശ്യം ന്യായമെന്ന് ബീരേന്ദർ സിംഗ് പറഞ്ഞു. ബീരേന്ദർ സിംഗിൻ്റെ മകൻ ബിജെപി എംപിയാണ്. നിയമം രാജ്യത്തിന്‍റെ പുരോഗതിക്കും മാറിയ കാലഘട്ടത്തിനും അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രം സർക്കാർ.
നിയമം പൂർണമായും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ ആവർത്തിക്കുന്നു. സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൂടുതൽ സ്ത്രീകൾ അതിർത്തി പ്രദേശങ്ങളിൽ എത്തി തുടങ്ങി. ആഗ്ര -ഡൽഹി ജയ്പൂർ – ഡൽഹി ദേശീയ പാതകൾ, ഹരിയാന – ഡൽഹി അതിർത്തികൾ എന്നിവ ഇപ്പോഴും കർഷകർ ഉപരോധിക്കുകയാണ് . അതേസമയം പുതിയ കാർഷിക നിയമം പിൻവലിക്കില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ ആവർത്തിച്ചു. മൂന്ന് നിയമങ്ങളും കാലഘട്ടത്തിന്‍റെ ആവ്യശ്യമാണെന്നും പ്രതിപക്ഷമാണ്
കർഷകരെ ഭീഷണിപ്പെടുത്തി സമരത്തിനിറക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു. മധ്യപ്രദേശിലെ കര്‍ഷകരുമായി പ്രധാനമന്ത്രി ഓൺലൈൻ വഴി ആശയവിനിമയം നടത്തിയത് പോലെ മറ്റ് സംസ്ഥാനങ്ങളിലെ കർഷകരുമായും സംവദിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.