പിന്നോട്ടില്ലാതെ കര്‍ഷകര്‍; കര്‍ഷക പ്രക്ഷോഭം 31-ാം ദിനത്തിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമത്തിനെതിരെ പോരാടുന്ന കര്‍ഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. കര്‍ഷക പ്രക്ഷോഭം ദിവസങ്ങളോളം കടക്കുന്നതോടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാവുകയാണ്. കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രത്തിന്റെ അന്തിമതീരുമാനം ഇന്ന് അറിയാം. നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങളില്‍ ചര്‍ച്ചയ്ക്ക് എതിര്‍പ്പില്ലെന്നാണ് കൃഷിമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമം അടക്കം നാല് വിഷയങ്ങള്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ചര്‍ച്ച മുന്നോട്ടുപോകുകയുള്ളുവെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാന മന്‍ കീ ബാത്തിനിടെ അതിര്‍ത്തിയില്‍ മുദ്രാവാക്യം മുഴക്കിയും പാത്രം കൊട്ടിയും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു.