കോവിഡ് വാക്‌സിന്‍ വിതരണം:പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: കോവിഡ് 19 വാക്‌സിന്‍ വിതരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. രണ്ടുതവണയായിട്ടായിരിക്കും യോഗം. കേസുകള്‍ കൂടുതലുളള എട്ടുസംസ്ഥാനങ്ങളുമായുളള യോഗത്തിന് ശേഷം വാക്‌സിന്‍ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി യോഗം നടത്തും.

ഓക്‌സ്ഫഡ്‌ വാക്‌സിന് യു.കെ. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കുമെന്നും നീതി ആയോഗ് അംഗം വിനോദ് പോള്‍ പറഞ്ഞു. ഇന്ത്യയുടെ കോവിഡ് വാക്‌സിനുകളുടെ പരീക്ഷണം വിചാരിച്ച പോലെ നടക്കുകയാണെങ്കില്‍ മൂന്നാംഘട്ട പരീക്ഷണം 2021 ജനുവരി- ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ 2021ഓടെ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവാക്‌സിന്‍ 60 ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുളളത്. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കോവാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത്. കോവാക്‌സിന്‍ മൂന്നാംഘട്ട ട്രയിലേക്ക് പ്രവേശിച്ചിരുന്നു. 25 സെന്ററുകളിലായി 26,000 സന്നദ്ധപ്രവര്‍ത്തകരാണ്‌ മൂന്നാംഘട്ട ട്രയലില്‍ പങ്കെടുക്കുന്നത്.