ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത; ജാഗ്രതാ നിര്‍ദേശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി. അടുത്ത 24മണിക്കൂറിനുള്ളിൽ ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇറാൻ നിർദേശിച്ച പേരാണ് ‘നിവർ’. തമിഴ്‌നാട് – പുതുച്ചേരി തീരങ്ങളില്‍ ഇവ വീശിയടിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25ന് മാമല്ലപ്പുരം, കരായ്ക്കല്‍ തീരങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോകുകയെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട് തീരമേഖലയിൽ ജാഗ്രത നിർദ്ദേശം. കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘നവംബര്‍ 25, 26 തീയ്യതികളില്‍ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിമീ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നു കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കന്യാകുമാരി, തമിഴ്‌നാട്-പുതുച്ചേരി, തീരങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന നിര്‍ദേശങ്ങളില്‍ പറയുന്നു. അതേസമയം അറബിക്കടലിൽ രൂപംകൊണ്ട് അതി തീവ്ര ചുഴലിക്കാറ്റായി മാറിയ ‘ഗതി’ ശക്തി കുറഞ്ഞ് ദുർബലമായി. ‘ഗതി ‘ വടക്ക് കിഴക്കൻ സോമാലിയയിൽ കരയിൽ പ്രവേശിച്ച ശേഷമാണ് ദുർബലമായത്.