ഒളിമ്പിക്സിലെ അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ

 

ഓരോ ഒളിമ്പിക്‌സിലും അത്ലറ്റിക്സ് മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ ഈ ചോദ്യം ഉയരും. ഇക്കുറിയെങ്കിലും അത്ലറ്റിക്‌സില്‍ ഇന്ത്യ അക്കൗണ്ട് തുറക്കുമോ? സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ ആരും ഒളിമ്പിക്‌സിലെ അത്ലറ്റിക്‌സില്‍ മെഡല്‍ നേടിയിട്ടില്ല. ടോക്യോയിലും ആ പതിവു ചോദ്യമുയരുന്നു. മെഡല്‍സാധ്യതയുള്ള ഒന്നിലധികം പേര്‍ ഇക്കുറി ഇന്ത്യന്‍ സംഘത്തിലുണ്ട്.

കമല്‍പ്രീത് കൗര്‍

ഡിസ്‌ക്സ് ത്രോ

മികച്ച പ്രകടനം: 66.59 മീറ്റര്‍

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ 66.59 മീറ്റര്‍ എറിഞ്ഞ കമല്‍പ്രീത് കൗര്‍ ദേശീയ റെക്കോഡിന് ഉടമയാണ്. ഈയിനത്തില്‍ 65 മീറ്റര്‍ പിന്നിടുന്ന ആദ്യ ഇന്ത്യക്കാരിയും.

റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ക്യൂബയുടെ ഡെനില കാബെല്ലറോ 65.34 മീറ്ററും വെള്ളി ജേതാവായ ഫ്രഞ്ച് താരം മെലിന റോബര്‍ട്ട് മിച്ചോണ്‍ 66.73 മീറ്ററുമാണ് എറിഞ്ഞത്.

നീരജ് ചോപ്ര

ജാവലിന്‍ ത്രോ

മികച്ച പ്രകടനം: 88.07 മീറ്റര്‍

നിലിവിലെ ഫോം അനുസരിച്ച് മെഡല്‍സാധ്യതയില്‍ മുന്നിലുള്ളത് ജാവലിന്‍ താരമായ നീരജ് ചോപ്രയാണ്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണജേതാവായ 23-കാരന്‍ 88.07 മീറ്റര്‍ എറിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ റെക്കോഡ് കൂടിയാണിത്. 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷ്റോണ്‍ വാല്‍ക്കോട്ട് 85.38 മീറ്ററും വെള്ളിനേടിയ കെനിയന്‍ താരം ജൂലിയസ് യെഗോ 88.24 മീറ്ററുമാണ് എറിഞ്ഞത്. 2016 അണ്ടര്‍ 20 ലോകചാമ്പ്യന്‍ഷിപ്പില്‍ (86.48 മീറ്റര്‍) ലോകറെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു നീരജ്.

തേജീന്ദര്‍ പാല്‍ സിങ് ടൂര്‍

ഷോട്ട്പുട്ട്

മികച്ച പ്രകടനം: 21.49 മീറ്റര്‍

പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഏഷ്യന്‍ ജേതാവാണ് തേജീന്ദര്‍ പാല്‍ സിങ് ടൂര്‍. പഞ്ചാബില്‍നിന്നുള്ള 26-കാരനായ തേജീന്ദര്‍ 21.49 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ദേശീയ റെക്കോഡ് സ്വന്തമാക്കിയത്. കഴിഞ്ഞ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ന്യൂസീലന്‍ഡിന്റെ തോമസ് വാല്‍ഷ് 21.36 മീറ്ററാണ് എറിഞ്ഞത്.

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പുണിയ, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാശ് സാബ്ലെ, പുരുഷന്മാരുടെ ലോങ്ജമ്പില്‍ മലയാളി താരം എം. ശ്രീശങ്കര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി. ജാബിര്‍, പുരുഷ റിലേ ടീം എന്നിവരും മുന്നേറാന്‍ സാധ്യതയുണ്ട്