ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സമരനായിക ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പത്താം ചരമവാര്‍ഷികം. മനുഷ്യസ്നേഹത്തിന്‍റെയും വിപ്ലവത്തിന്‍റെയും പാത രണ്ടല്ലെന്ന് തെളിയിച്ച ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ഓര്‍മകള്‍ പോലും നമുക്ക് ഉത്തേജനം പകരുന്നതാണ്.
എ. വി അമ്മുക്കുട്ടിയുടെ മകള്‍ ഒരു വിപ്ലവകാരിയായി മാറുകയെന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. 92ആം വയസ്സില്‍ കാണ്‍പൂരിലെ തന്‍റെ മെഡിക്കല്‍ ക്ലീനിക്കിലിരുന്ന് പോരാട്ടം തുടരുക തന്നെ ചെയ്യും എന്ന് പറയാന്‍ മാത്രം കരുത്ത് കൈവന്നത് അവിടെ നിന്നാകാം.
ഇളകിമറിയുന്ന ദേശീയ സമരകാലം. ആയുധം കൈയിലേന്തി പോരാട്ടത്തിനുറപ്പിച്ച് സുഭാഷ് ചന്ദ്രബോസും കൂട്ടരും. സ്ത്രീകളെ സംഘടിപ്പിക്കാന്‍ ഒരു പോരാളിക്കായുള്ള അന്വേഷണം ഡോക്ടര്‍ ലക്ഷ്മിയിലാണെത്തിയത്.
ബർമയിലെ കുടിയേറ്റ തൊഴിലാളികളുടെ ഡോക്ടറായിരുന്ന ഡോ. ലക്ഷ്മി ഒരു കൈയിൽ സ്റ്റെതസ്കോപ്പും മറുകൈയിൽ യന്ത്രത്തോക്കുമായി ബർമൻ കാടുകളിൽ ബ്രിട്ടീഷ് പട്ടാളത്തെ ചെറുത്തു. ആളും ആവനാഴിയും നിറച്ച ജീവന്മരണ പോരാട്ടത്തില്‍ 1500ൽ പരം സ്ത്രീകളെ അണിനിരത്തി ഝാന്‍സി റാണി റെജിമെന്‍റ്.
1971ൽ സിപിഐഎം പ്രതിനിധിയായി ലക്ഷ്മി സെഹ്ഗാൾ രാജ്യസഭയിലെത്തി. തെരുവിലും സഭയിലും പോരാളിയായി, ഇടതുപക്ഷത്തിൻറെ വിപ്ലവ ശബ്ദമായി മാറുകയായിരുന്നു ആ സ്ത്രീരത്നം. 2002ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ യുപിഎ- എൻഡിഎ അനൗദ്യോഗികസഖ്യത്തിനെതിരായ ഇടതുപക്ഷ ബദലായി മാറുകയായിരുന്നു അവർ.
വിഭജനത്തിലും യുദ്ധത്തിലുമെല്ലാം അഭയാര്‍ഥികള്‍ക്ക് ഡോക്ടര്‍ ലക്ഷ്മി നല്‍കിയ ആതുരത്തണല്‍ ചെറുതല്ല. ഭീതിതമായ പാതിയുറക്കങ്ങളില്‍ നിന്ന് ഓടിപ്പോകേണ്ടിവന്നവര്‍ക്ക് കനിവായും കരുത്തായുമെല്ലാം നിറയുകയായിരുന്നു അവര്‍. മരണം വരെ രോഗികളെ ശുശ്രൂഷിച്ചു. പോര്‍വീഥിയില്‍ നിന്ന് വിടവാങ്ങിയിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അവരുടെ നേത്രപടലങ്ങളിലൂടെ മനുഷ്യര്‍ ലോകത്തെ കാണുകയാണ്.
1981ൽ തമിഴ്നാട്ടിൽ വച്ച് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ രൂപീകരണ സമ്മേളനത്തിൽ വെച്ച് ലക്ഷ്മി സംഘടനയുടെ സ്ഥാപക വൈസ് പ്രസിഡന്റായി. അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ ആയുസ്സ് മുഴുവൻ വിശ്രമരഹിതമായി പൊരുതി മുന്നേറിയ ലക്ഷ്മി അതോടെ പെണ്‍പോരാട്ടങ്ങളുടെ ഊര്‍ജസ്രോതസ്സായി.
സ്വാതന്ത്ര്യ സമരപോരാളികളുടെ അമരകോശം തിരുത്തിയെഴുതുന്ന തിരക്കിലാണ് സംഘപരിവാരം. അതിനെതിരായ പോരാട്ടത്തില്‍ അവരുടെ മാതൃഭൂമിയും പ്രസക്തമാകുന്നുണ്ട്. അതിന്‍റെ ചുവപ്പന്‍ വഴിയെ ചലിപ്പിക്കുന്നത് അവരുടെ പ്രസ്ഥാനവും.