Headlines

ശബരിമല സ്വർണ മോഷണം; പ്രത്യേക അന്വേഷണസംഘം ദേവസ്വം ആസ്ഥാനത്ത്, ഫയലുകൾ ശേഖരിച്ചു

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണ മോഷണത്തിൽ പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി. തിരുവാഭരണ കമ്മീഷ്ണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടുന്നതിനായിട്ടാണ് ദേവസ്വം ആസ്ഥാനത്ത് സംഘമെത്തിയത്. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളികളുടെയും കട്ലയുടെയും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള നിർണായക ഫയലുകൾ ദേവസ്വം ഓഫീസിൽനിന്ന് ശേഖരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിലെ 2 സി ഐമാരാണ് ഇന്ന് വൈകിട്ടോടുകൂടി ദേവസ്വം ആസ്ഥാനത്തെത്തി പരിശോധന നടത്തിയത്.

വെള്ളിയാഴ്ച അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായകമായ നീക്കം. ഓരോ ദിവസങ്ങളിലായി വരുന്ന പുതിയ വെളിപ്പെടുത്തലുകളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.അതിൽ തന്നെ 2019 തുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ ആരോപണങ്ങൾ നിലനിൽക്കുന്നത്.

അതേസമയം, ശബരിമലയിലെ സ്വർണ കവർച്ചയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കായി ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബു നടത്തിയ ഇടപെടലുകളുടെ തെളിവുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷവും ദ്വാരപാലക ശിൽപ്പം ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ നീക്കം നടത്തിയിരുന്നു.എന്നാൽ ദേവസ്വം ബോർഡ് ഇടപെട്ട് നീക്കം തടയുകയായിരുന്നു.സ്മാർട്ട് ക്രിയേഷൻസ് മുരാരി ബാബുവിന് അയച്ച കത്തിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.തന്റെ നിർദേശപ്രകാരമല്ല, 2019-ൽ ദ്വാരപാലക ശിൽപ്പത്തിലെ പാളികൾ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുപോയതെന്ന് ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു.