തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവിന് ആംബുലൻസ് ലഭിക്കാതെ ജീവൻ നഷ്ടമായ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ ഉന്നതല ഉദ്യോഗസ്ഥ സംഘത്തിന് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. യുവാവിന്റെ കുടുംബത്തിന്റെ ആരോപണം ഉൾപ്പെടെ പരിശോധിക്കാനാണ് നീക്കം.
ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലന്ന് റെയില്‍വേ കഴിഞ്ഞദിവസം വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിശദീകരണം. കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പുവരുത്താന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചുവെങ്കിലും രാത്രി സമയമായതിനാല്‍ ആംബുലന്‍സ് എത്തിക്കാന്‍ വൈകിയെന്നാണ് റെയില്‍വേ പറയുന്നത്.
മുംബൈ-എറണാകുളം ഓഖ എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയായിരുന്നു യുവാവിന് ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചത്. ഒപ്പം ഉണ്ടായിരുന്നവര്‍ ടിടിഇ അറിയിച്ച് അടിയന്തരമായി ട്രെയിന്‍ നിര്‍ത്തിച്ചിരുന്നു.
യുവാവിന് അതിവേഗം ചികിത്സ ലഭ്യമാക്കാനായി ഒപ്പമുണ്ടായിരുന്നവര്‍ അടിയന്തര സഹായത്തിന് ഹെല്പ് ലൈന്‍ നമ്പറില്‍ അടക്കം ബന്ധപ്പെട്ടിരുന്നു. മെഡിക്കൽ കോളജിന് സമീപമുള്ള റെയില്‍വേ സ്റ്റേഷനായ മുളങ്കുന്നത്കാവിൽ ഇറക്കിയ യുവാവിനെ അരമണിക്കൂറോളം നേരമാണ് ആംബുലന്‍സ് കാത്ത് പ്ലാറ്റ്‌ഫോമില്‍ കിടത്തിയിരുന്നത്.