Headlines

‘അരമണിക്കൂര്‍ ആംബുലന്‍സ് വൈകിയതാണ് മരണ കാരണം; ഇനി ആര്‍ക്കും ഈ ഗതി വരരുത്’ ; ശ്രീജിത്തിന്റെ കുടുംബം

തൃശൂരില്‍ ട്രെയിനില്‍ കുഴഞ്ഞുവീണ യുവാവ് ചികിത്സ കിട്ടാന്‍ വൈകി മരിച്ച സംഭവത്തില്‍ റെയില്‍വേയുടെ വാദം തള്ളി ശ്രീജിത്തിന്റെ കുടുംബം. റെയില്‍വേ ക്രമീകരണങ്ങള്‍ നടത്തിയിരുന്നില്ല. ആംബുലന്‍സ് എത്താന്‍ അരമണിക്കൂര്‍ വൈകിയതാണ് മരണകാരണമെന്നും കുടുംബം പറയുന്നു. വിഷയത്തില്‍ പരാതി നല്‍കുമെന്നും ശ്രീജിത്തിന്റെ കുടുംബം വ്യക്തമാക്കി.

അതേസമയം, യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് റെയില്‍വേ പൊലീസ്. തൃശൂര്‍ റെയില്‍വേ പൊലീസിന് വിശദമായ അന്വേഷണത്തിന് റെയില്‍വേ എസ് പി ഷഹിന്‍ഷാ നിര്‍ദ്ദേശം നല്‍കി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കിടന്നു മരിച്ചത്. ശ്രീജിത്ത് യാത്ര ചെയ്തിരുന്ന ഓഖ എക്‌സ്പ്രസിലെ കോച്ച് നമ്പര്‍ എട്ടിലെ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കും. ശ്രീജിത്തിന്റെ സഹയാത്രികരുടെ മൊഴിയും രേഖപ്പെടുത്തും. ട്രെയിനിലെ ടിടിഇമാരുടെയും സ്റ്റേഷന്‍ മാസ്റ്ററുടെയും മൊഴിയെടുക്കും.

ശ്രീജിത്തിന്റെ മരണത്തില്‍ കഴിഞ്ഞദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശ്രീജിത്ത് മരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റ്മാര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഹൃദയവാല്‍വില്‍ ഒരു ബ്ലോക്ക് ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. തൃശൂര്‍ റെയില്‍വേ പൊലീസ് എസ്എച്ച്ഒ കേസ് അന്വേഷിക്കും.