പ്രഭാത വാർത്തകൾ

 

🔳ഇന്ത്യയില്‍ ‘ബൂസ്റ്റര്‍ ഡോസ്’ വാക്‌സിന്റെ ആവശ്യകതയില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ. ഇപ്പോള്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ കാര്യമായി വര്‍ധിക്കുന്ന സാഹചര്യമില്ലെന്നും വാക്‌സിന്‍ വലിയ രീതിയില്‍ രോഗവ്യാപനത്തെ തടഞ്ഞുനിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘കൊവാക്‌സിന്‍’ വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ‘ഗോയിംഗ് വൈറല്‍; മേക്കിംഗ് ഓഫ് കൊവാക്‌സിന്‍- ദ ഇന്‍സൈഡ് സ്റ്റോറി’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ഡോ. രണ്‍ദീപ് ഗുലേരിയ. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയുടേതാണ് ഈ പുസ്തകം.

🔳നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കായി ദില്ലിയിലെത്തിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ബിഎസ്എഫ് അധികാര പരിധി ത്രിപുര സംഘര്‍ഷം, കൊവിഡ് വാക്സീനേഷന്‍ അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തെന്ന് കൂടിക്കാഴ്ചക്ക് ശേഷം മമത ബാനര്‍ജി വ്യക്തമാക്കി. 2024 ലോക്സഭ തെരഞ്ഞെടുപ്പിനെ ഉന്നമിട്ട് പാര്‍ലമെന്റിലും പുറത്തും സഖ്യനീക്കം ശക്തിപ്പെടുത്തുകയാണ് മമത ബാനര്‍ജിയുടെ ദില്ലി സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് രാജ്യസഭ എംപി സുബ്രഹ്‌മണ്യന്‍ സ്വാമിയേയും മമത ബാനര്‍ജി കണ്ടു. പുനസംഘടനയില്‍ ബിജെപി ദേശീയ നിര്‍വ്വഹക സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ, നിരന്തരം മമതയുടെ നയങ്ങളെ പ്രശംസിക്കുന്ന സുബ്രഹ്‌മണ്യന്‍ സ്വാമിയുമായുള്ള മമതയുടെ കൂടിക്കാഴ്ച രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

🔳2023-ലോ 2024-ലോ തദ്ദേശീയമായി വികസിപ്പിച്ച 6ജി അവതരിപ്പിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ, ഇലക്ട്രോണിക്‌സ്, ഐടി. കാര്യ മന്ത്രി അശ്വിനി വൈഷ്ണവ്. ആഗോളതലത്തില്‍ പല രാജ്യങ്ങളും ഇതിനകം 5ജി സാങ്കേതിക വിദ്യയിലേക്ക് കടന്നുവെങ്കിലും ഇന്ത്യ ഇനിയും 5ജി തലത്തിലേക്ക് എത്തിയിട്ടില്ല. അതിനിടയിലാണ് ദേശനിര്‍മിതമായ 6ജി അവതരിപ്പിക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം.

🔳കോണ്‍ഗ്രസിന് വീണ്ടും വന്‍ തിരിച്ചടി. ദേശീയ നേതൃത്വത്തെ കാഴ്ചക്കാരാക്കി മേഘാലയില്‍ 12 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലാണ് ഇവര്‍ ചേര്‍ന്നത്. സംസ്ഥാനത്ത് ആകെ 17 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂല്‍ കോണ്‍ഗ്രസാവും.

🔳വിവാദ ദത്തുകേസില്‍ കുഞ്ഞിനെ യഥാര്‍ത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും കൈമാറി. കുട്ടിയെ വിട്ടുനല്‍കാന്‍ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിട്ടതിന് പിന്നാലെ എയ്ഡന്‍ അമ്മയുടെ കൈകളിലെത്തി. ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. എല്ലാ നടപടികളും ജഡ്ജിയുടെ ചേമ്പറിലാണ് നടന്നത്. കുഞ്ഞിനെ കൊടുക്കുന്നതിന് മുമ്പ് അജിത്തിനെയും ചേമ്പറിലേക്ക് വിളിപ്പിച്ചിരുന്നു. കുട്ടിയെ നന്നായി വളര്‍ത്തണമെന്ന് കൂടുംബ കോടതി ജഡ്ജി ബിജു മേനോന്‍ അനുപമയോട് പറഞ്ഞു.

🔳മകനെ മൂന്ന് മാസത്തോളം കാലം സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രാ ദമ്പതിമാര്‍ക്ക് നന്ദിയറിയിച്ച് അനുപമ. തന്റെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതിമാര്‍ക്ക് നീതി കിട്ടണമെന്നും ദമ്പതികള്‍ക്ക് എപ്പോള്‍ വന്നാലും കുഞ്ഞിനെ കാണാമെന്നും അനുപമ പറഞ്ഞു. ദമ്പതിമാരോട് തെറ്റ് ചെയ്തത് താനോ മകനോ അല്ല. തന്റെ മകനെ സ്വീകരിച്ചതിന്റെ പേരില്‍ അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുതെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

🔳അനുപമയ്ക്ക് കുഞ്ഞിനെ കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കെ കെ രമ എം.എല്‍.എ. പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിമിഷമാണിതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഒരമ്മയുടെ സഹനസമരം വിജയം കണ്ടതിന്റെ ദിവസമാണിന്നെന്നും ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണെന്നും മാധ്യമങ്ങളുടെ ഇടപെടലും അനുപമയുടെ നിശ്ചയദാര്‍ഡ്യവും എല്ലാം കുട്ടിയെ തിരികെ കിട്ടുന്നത് എളുപ്പമാക്കിയെന്നും രമ പറഞ്ഞു. അനുപമയ്ക്കും കുഞ്ഞിനും ആന്ധ്രാ ദമ്പതികള്‍ക്കെല്ലാം നിതിനിഷേധിക്കപ്പെട്ടെന്നും ഇതിനെല്ലാം ഉത്തരവാദികളായവരെ നിമയത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടമാണ് ഇനി നടത്തുകയെന്നും രമ പറഞ്ഞു.

🔳പാര്‍ട്ടിപ്രവര്‍ത്തകയായ അമ്മയില്‍നിന്നു കുഞ്ഞിനെ ചതിയിലൂടെ വേര്‍പെടുത്തി ആന്ധ്രയിലേക്കു കടത്താന്‍ പാര്‍ട്ടിയും സര്‍ക്കാരും ഒത്താശചെയ്ത കാട്ടാളഭരണമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. രാജ്യത്തെപ്പോലും ഞെട്ടിച്ച ഈ ഇടപാടില്‍ മുഖ്യമന്ത്രി മുതല്‍ പാര്‍ട്ടി സെക്രട്ടറിവരെ പങ്കാളികളാണെന്നതാണ് കേരളത്തിന്റെ ദുര്യോഗമെന്നും കുഞ്ഞിനെ കടത്തിയതില്‍ മുഖ്യപങ്കുവഹിച്ച ശിശുക്ഷേമസമിതി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

🔳പാര്‍ട്ടി ഭാരവാഹികള്‍ക്ക് കെ.പി.സി.സി പ്രവര്‍ത്തനമാര്‍ഗരേഖയിറക്കി. ഇതിന്റെ ഭാഗമായി ഭാരവാഹികള്‍ക്കും നിര്‍വാഹകസമിതി അംഗങ്ങള്‍ക്കും ശില്പശാല സംഘടിപ്പിച്ചു. നേതൃനിരയിലുള്ളവര്‍ ലാളിത്യം മുഖമുദ്രയാക്കണമെന്നും നേട്ടവും കോട്ടവും തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ നിര്‍ദേശിച്ചു. സമൂഹത്തിലെ മാറ്റം ഉള്‍ക്കൊള്ളാനും അത് മറ്റുള്ളവര്‍ക്കു പകര്‍ന്നുനല്‍കാനും കഴിയണമെന്നാണ് സുധാകരന്റെ നിര്‍ദേശം. വിഭാഗീയതയും വ്യക്തിവൈരവും പാര്‍ട്ടിക്ക് ഗുണംചെയ്യില്ല. ഐക്യത്തോടെ നീങ്ങിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

🔳സഹകരണ ബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കുന്നതിന് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകള്‍ക്കെതിരേ സഹകരണ മന്ത്രി വിഎന്‍ വാസവന്‍. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആര്‍ബിഐ ശ്രമിക്കുന്നതെന്നും പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

🔳സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ റെയില്‍ എംഡി. കെ റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കില്ല. കേരളത്തെ രണ്ടായി മുറിക്കുന്ന മതിലുകള്‍ നിര്‍മിക്കില്ല. റെയില്‍വേ നിയമ പ്രകാരമുള്ള സംരക്ഷണ വേലി മാത്രമാണ് കെട്ടുന്നത്. ഓരോ 500 മീറ്ററിലും റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകും. അഞ്ചുകൊല്ലം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നും കെ റെയില്‍ എംഡി പറഞ്ഞു. കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാല് മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയുന്ന റെയില്‍വേ പദ്ധതിയാണ് കാസര്‍കോട് – തിരുവനന്തപുരം അര്‍ധ അതിവേഗപാതയായ സില്‍വര്‍ലൈന്‍.

🔳മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ ആരോപണ വിധേയനായ സിഐ സുധീര്‍ കുമാറിനെ സ്ഥലം മാറ്റി. പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും തുടര്‍നടപടികള്‍ ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വീകരിക്കുമെന്നുമാണ് അറിയിപ്പ്. എന്നാല്‍
ആരോപണ വിധേയനായ സിഐ സുധീര്‍ കുമാറിനെ സസ്‌പെന്റ് ചെയ്യും വരെ രാത്രിയിലും സമരം തുടരുമെന്ന് കോണ്‍ഗ്രസ്. മൊഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തില്‍ സുധീര്‍ കുമാറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിലേക്കാണ് സംഭവത്തില്‍ കുറ്റാരോപിതനായ സിഐയെ സ്ഥലം മാറ്റിയിരിക്കുന്നത്. നേരത്തെ ജനപ്രതിനിധികളും പോലീസും തമ്മില്‍ സ്റ്റേഷനുള്ളില്‍ സംഘര്‍ഷമുണ്ടായി. പിടിവലിയില്‍ ജനപ്രതിനിധികളും താഴെ വീണു. അന്‍വര്‍സാദത്തിന്റെ വാച്ചും റോജി എം ജോണിന്റെ ഫോണും നഷ്ടപ്പെട്ടു. നിരവധി പ്രവര്‍ത്തകരെ പോലീസ് വലിച്ചിഴച്ച് പോലീസ് ബസില്‍ കയറ്റി. ബെന്നി ബഹന്നാന്‍ എംപിയും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അങ്കമാലി എംഎല്‍എ റോജി എം ജോണുമാണ് രാത്രിയിലടക്കം പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തുന്നത്.

🔳സംസ്ഥാനത്തെ പച്ചക്കറി വിലവര്‍ധന നിയന്ത്രിക്കാന്‍ നേരിട്ടുള്ള ഇടപെടലുമായി സര്‍ക്കാര്‍. ഇന്ന് മുതല്‍ അന്യ സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറിയെത്തും. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ച് കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറികള്‍ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പാണ് വിപണിയിലെത്തിക്കുക. കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറിവില സാധാരണനിലയിലാക്കാനുള്ള സമഗ്രപദ്ധതിയാണ് കൃഷിവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.

🔳കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് വര്‍ഷം മുഴുവന്‍ മഴ എന്ന സ്ഥിതിയിലേക്ക് സംസ്ഥാനം നീങ്ങുമ്പോള്‍ അതിനെ മറികടക്കാനുള്ള നിര്‍മാണരീതികള്‍ ആവശ്യമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇപ്പോഴത്തെ കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകളെക്കുറിച്ചാണ് ഇതുവരെ സംസാരിച്ചിരുന്നത്. എന്നാല്‍ ഈ കാലാവസ്ഥയില്‍ എങ്ങനെ റോഡുപണി നടത്താം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കാണ് പൊതുമരാമത്ത് വകുപ്പ് കടക്കുന്നത്.

🔳ഹലാല്‍ ഫുഡ് വിവാദത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് സ്ട്രീറ്റില്‍ പോത്തിറച്ചിയും പന്നിയിറച്ചിയും വിളമ്പി. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം എല്ലാ പ്രധാന നഗരങ്ങളിലും നടത്തിയത്. എറണാകുളത്ത് നടത്തിയ പ്രതിഷേധത്തിലാണ് പന്നിയിറച്ചിയും പോത്തിറച്ചിയും വിളമ്പിയത്. പരിപാടി മുന്‍ എംപി ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.

🔳ഹലാല്‍ ഫുഡ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസിന്റെ കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയാണ് ഹലാല്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. തൃശ്ശൂര്‍ കൈപമംഗലത്തെ എറിയാട് വെച്ചാണ് ഹലാല്‍ ഫുഡ് ഫെസ്റ്റ് നടത്തിയത്. കേരളത്തില്‍ വേരുറപ്പിക്കാന്‍ ഹലാല്‍ വിവാദം പോലുള്ള വിവാദങ്ങള്‍ ബിജെപി ഏറ്റുപിടിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ പറഞ്ഞു.

🔳ലോക് താന്ത്രിക് ദളിലെ വിമത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. വി സുരേന്ദ്രന്‍ പിള്ളയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസിനെ സ്ഥാനത്ത് നിന്നും നീക്കി, സെക്രട്ടറിമാരായ രാജേഷ് പ്രേം, അങ്കത്തില്‍ അജയകുമാര്‍ എന്നിവരെയും മാറ്റി. നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തരയോഗം ചേര്‍ന്നതില്‍ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാര്‍ നാല് പേര്‍ക്കെതിരെയും നടപടിയെടുത്തത്.

🔳രണ്ടാം മാറാട് കലാപ കേസില്‍ വിധി പറഞ്ഞ മാറാട് പ്രത്യേക കോടതി ജഡ്ജിക്ക് ഭീഷണി കത്ത്. ജഡ്ജി എ എസ് അംബികയ്ക്കാണ് ഇന്നലെ ഭീഷണിക്കത്തു ലഭിച്ചത്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് എരഞ്ഞിപ്പാലത്തേക്ക് പോസ്റ്റല്‍ വഴിയാണ് കത്തയച്ചത്. പ്രത്യേക വിഭാഗം ആളുകളെ മാത്രം ശിക്ഷിക്കുന്നതിനെതിരെയാണ് അജ്ഞാതന്റെ കത്തിലെ പരാമര്‍ശങ്ങള്‍.

🔳ആന്ധ്രാ പ്രളയത്തില്‍ മരണം 59 ആയി. മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിട്ടതിനാല്‍ താഴ്ന്ന മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. നാലായിരം ഹെക്ടറിലേറെ കൃഷിക്ക് നാശമുണ്ടായി. പ്രധാന പാലങ്ങള്‍ അടക്കം കുത്തൊഴുക്കില്‍ തകര്‍ന്നതിനാല്‍ കിഴക്കന്‍ ജില്ലകളില്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങള്‍ വെള്ളത്തിലാണ്. ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ ജില്ലയിലെ അന്നമയ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു.
രണ്ട് ദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

🔳സിഖുകാര്‍ക്കും കര്‍ഷകര്‍ക്കുമെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ നടി കങ്കണാ റണാവത്ത് ജയിലിലാകുന്നതുവരെ പോരാട്ടം തുടരുമെന്ന് ശിരോമണി അകാലിദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റുമായ മഞ്ജിന്ദര്‍ സിങ് സിര്‍സ. വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കങ്കണയ്‌ക്കെതിരെ മുംബൈ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു.

🔳വിവാദ പ്രസ്താവനയില്‍ കുരുങ്ങി രാജസ്ഥാന്‍ മന്ത്രി രാജേന്ദ്ര സിങ് ഗൂഢ. കത്രീനാ കൈഫിന്റെ കവിളുകള്‍ പോലെ വേണം റോഡുകള്‍ നിര്‍മിക്കാനെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയതാണ് രാജേന്ദ്ര സിങ്ങിന് വിനയായത്. പൊതുയോഗത്തിനിടെ മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ ഇതിനോടകം വലിയതോതില്‍ പ്രചരിച്ചു കഴിഞ്ഞു.

🔳ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള വിമത കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങും മുന്‍ ബിഎസ്പി എംഎല്‍എ വന്ദന സിങ്ങും ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച ലഖ്‌നൗവില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ബിജെപി നേതൃത്വം ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

🔳ആസന്നമായ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും സഖ്യത്തിനൊരുങ്ങുന്നതായി സൂചനകള്‍. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങും സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവും തമ്മില്‍ ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ അഭ്യൂഹങ്ങള്‍ സജീവമാക്കിയത്.

🔳വ്യവസായി ഗൌതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. റിലയന്‍സ് മേധാവി മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് ഈ നേട്ടം അദാനി കരസ്ഥമാക്കിയത് എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഉണ്ടായ വന്‍ മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് മേധാവിക്ക് അംബാനിയെ മറികടക്കാന്‍ സഹായകരമായത്.

🔳രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഉടന്‍ സാധാരണ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍. ഇക്കൊല്ലം അവസാനത്തോടെ ഇത് സാധ്യമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳തീവ്രവാദ സംഘടനയായ ടി.ആര്‍.ഫിന്റെ മുതിര്‍ന്ന കമ്മാന്‍ഡര്‍ ഉള്‍പ്പടെ മൂന്ന് ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ശ്രീനഗറില്‍ രണ്ട് അധ്യാപകരുടെ കൊലപാതകത്തില്‍ ഉള്‍പ്പടെ പങ്കാളികളായവരാണ് ഇവരെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു. ശ്രീനഗറിലെ രാംഭാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

🔳ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് കാണ്‍പൂരില്‍ തുടക്കം. ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. ഓപ്പണര്‍ കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെ ശുഭ്മാന്‍ ഗില്‍ ഓപ്പണറായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

🔳ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തി ഒഡിഷ എഫ്‌സി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ ജയം. ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകളും ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനവുമാണ് ഒഡിഷയുടെ ജയത്തില്‍ നിര്‍ണായകമായത്.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ആദ്യജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി. ഇന്ന് രാത്രി 7.30-നാണ് മത്സരം.

🔳കേരളത്തില്‍ ഇന്നലെ 48,916 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 273 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 38,353 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 274 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5379 പേര്‍ രോഗമുക്തി നേടി. ഇതോടെ 51,302 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍ 194, പത്തനംതിട്ട 167, ഇടുക്കി 144, ആലപ്പുഴ 137, മലപ്പുറം 101, കാസര്‍ഗോഡ് 34.

🔳യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ആഗോളതലത്തില്‍ ഇന്നലെ 5,77.983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 69,884 പേര്‍ക്കും ഇംഗ്ലണ്ടില്‍ 43,676 പേര്‍ക്കും റഷ്യയില്‍ 33,558 പേര്‍ക്കും തുര്‍ക്കിയില്‍ 27,592 പേര്‍ക്കും ഫ്രാന്‍സില്‍ 32,591 പേര്‍ക്കും ജര്‍മനിയില്‍ 73,966 പേര്‍ക്കും പോളണ്ടില്‍ 28,380 നെതര്‍ലാന്‍ഡില്‍ 23,709 പേര്‍ക്കും ചെക്ക് റിപ്പബ്ലികില്‍ 25,864 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.96 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.96 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,691 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 855 പേരും റഷ്യയില്‍ 1,240 പേരും ജര്‍മനിയില്‍ 321 പേരും മെക്സിക്കോയില്‍ 326 പേരും പോളണ്ടില്‍ 460 പേരും ഉക്രെയിനില്‍ 595 പേരും ഹംഗറിയില്‍ 392 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.89 ലക്ഷമായി.

🔳ഇന്ത്യന്‍ ഐടി കമ്പനികളില്‍ ജീവനക്കാരെ തിരികെ വിളിക്കുന്നു. പുതുതായി 4.5 ലക്ഷം തൊഴിലവസരങ്ങളും ഐടി രംഗത്ത് വരുന്നതായി മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനം അണ്‍എര്‍ത്ത് ഇന്‍സൈറ്റ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തിലാണ് ലക്ഷക്കണക്കിന് തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ ലഭിക്കുക. മുന്‍പരിചയമില്ലാത്ത ജീവനക്കാരെയും കമ്പനികള്‍ നിയമിച്ചേക്കുമെന്നും മേഖലയിലുള്ളവര്‍ പറയുന്നു. സ്‌കില്‍ അടിസ്ഥാനപ്പെടുത്തിയുള്ള വേതനങ്ങള്‍ക്കായിരിക്കും പ്രാധാന്യം. പുതിയ അവസരങ്ങളില്‍ 17-19 ശതമാനത്തോളം പേരെയും വരും വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ നിയമിച്ചേക്കും. 1,75,000 ത്തോളം വരുമിത്.

🔳രാജ്യത്തെ രണ്ട് പൊതുമേഖല ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരണത്തിനുള്ള ബില്‍ ഈ സമ്മേളനകാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്ററല്‍ ബാങ്ക് എന്നിവയുടെ സ്വകാര്യവല്‍ക്കരണമായിരിക്കും നടപ്പിലാക്കുക. ഇതിനായി ബാങ്കിങ് നിയമഭേദഗതി ബില്‍ കൊണ്ട് വരും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന 29 ബില്ലുകളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1970ലെ ബാങ്കിങ് കമ്പനീസ് ആക്ട്, 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് എന്നിവയില്‍ ഭേദഗതി വരുത്തിയാവും ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കുക.

🔳ടൊവീനോ പ്രധാനവേഷത്തിലെത്തിയ ചിത്രം കള ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ടൊവിനോ തോമസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കള ടീമിന് ഇത് അഭിമാന നിമിഷം എന്നാണ് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു കളയുടെ തിയേറ്റര്‍ റിലീസ്. രോഹിത്ത് വി എസ് ആണ് ചിത്രം സംവിധാനം ചെയ്തത്. യദു പുഷ്പാകരന്‍, രോഹിത്ത് വി എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

🔳ഡയറക്റ്റ് ഒടിടി റിലീസ് ആയി അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന ബേസില്‍ ജോസഫിന്റെ പുതിയ ചിത്രം മിന്നല്‍ മുരളിയില്‍ ഷാന്‍ ഈണം പകര്‍ന്ന ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. ‘ഉയിരേ ഒരു ജന്മം നിന്നേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. നാരായണി ഗോപനും മിഥുന്‍ ജയരാജും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിന്റെ ക്രിസ്മസ് റിലീസ് ആണ്. ഡിസംബര്‍ 24നാണ് റിലീസ്.

🔳എസ്ജി650 കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ ക്ലാസിക് ഡിസൈനിന്റെയും ഭാവിയില്‍ അവരുടെ ബൈക്കുകള്‍ എങ്ങനെയായിരിക്കുമെന്നതിന്റെയും മിശ്രിതമാണ് റോയല്‍ എന്‍ഫീല്‍ഡ് എസ്ജി650 കണ്‍സെപ്റ്റ്. രസകരമായ ഒരു ഡിജിറ്റല്‍ ഗ്രാഫിക്സ് സ്‌കീമിനൊപ്പം ബ്രഷ് ചെയ്ത അലുമിനിയത്തിലും കറുപ്പ് നിറത്തിലും കണ്‍സെപ്റ്റ് മെഷീന്‍ ശ്രദ്ധേയമാണ്. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ഏഠ 650 എന്നിവയിലെ അതേ പാരലല്‍-ട്വിന്‍ യൂണിറ്റായിരിക്കും പുതിയ ബൈക്കിന്റെയും ഹൃദയം.

🔳മൗനത്തിന്റെ ഗ്രീഷ്മാന്തരങ്ങളിലൂടെ ഒരു ഏകാകിയുടെ സഞ്ചാരമാണ് ഈ പുസ്തകം. അച്ചടക്കമില്ലാത്ത ഓര്‍മയെഴുത്തിന് കവിത എന്നു പേരിടാമെങ്കില്‍ മൗനത്തിന്റെ പരിഭാഷ എന്ന പുസ്തകത്തെ ആ ഗണത്തിപ്പെടുത്തുന്നു. ഓര്‍മകളെ ഒരു കാലിഡോസ്‌കോപ്പിക് കാഴ്ചയിലേയ്ക്ക് അടുക്കില്ലാതെ പറത്തിവിടാന്‍ മനസ്സിനു ബുദ്ധിമുട്ടുണ്ടാവില്ല. ‘മൗനത്തിന്റെ പരിഭാഷ’. വി.കെ സഞ്ജു. മാക്സ ബുക്സ്. വില 237 രൂപ.

🔳ശരീരത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ക്യത്യമായുള്ള ഉറക്കം പ്രധാനമാണ്. ശരിയായ ഭക്ഷണക്രമം, പതിവായി വ്യായാമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു. ശരിയായ ഉറക്കം ഒരു വ്യക്തിയെ ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുകയും ദിവസം മുഴുവന്‍ സജീവമായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും നല്‍കുകയും ചെയ്യുന്നു. ആഴത്തിലുള്ള ഉറക്കം വളരെ പ്രധാനമാണ്. ശരീരവും മനസ്സും പൂര്‍ണ്ണ വിശ്രമത്തിലായിരിക്കുമ്പോഴാണ് യഥാര്‍ത്ഥ വീണ്ടെടുക്കലും രോഗശാന്തിയും സംഭവിക്കുന്നത്. ഗാഢനിദ്ര ഹോര്‍മോണുകളെ സന്തുലിതമാക്കാനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കാനും വീക്കം കുറയ്ക്കാനും പേശികള്‍ക്കും സന്ധികള്‍ക്കും വിശ്രമം നല്‍കാനും സഹായിക്കുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഫോണുകളും ലാപ്ടോപുകള്‍ ഓഫ് ചെയ്യുക. നേരത്തെ അത്താഴം കഴിക്കാന്‍ ശ്രമിക്കുക. പകല്‍ സമയത്ത് വ്യായാമം ചെയ്യുക. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുക.

*ശുഭദിനം*

അയാള്‍ക്ക് ഇരട്ടക്കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ രണ്ടുപേരുടേയും സ്വഭാവം രണ്ട് തരത്തിലായിരുന്നു. എന്തിലും സന്തോഷം കണ്ടെത്തുയാളായിരുന്നു ഒന്നാമന്‍. എന്തിലും കുറ്റവും കുറവുകളും കണ്ടെത്താലായിരുന്നു രണ്ടാമന്റെ രീതി. രണ്ടാമന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ അവര്‍ ഒരു സൈക്കോളജിസ്റ്റിനെ പോയി കണ്ടു. അയാളുടെ നിര്‍ദ്ദേശപ്രകാരം അവര്‍ക്ക് രണ്ടുപേര്‍ക്കും ഓരോ സമ്മാനങ്ങള്‍ നല്‍കി. ഒന്നാമത്തെയാള്‍ക്ക് കുറെ വിത്തും ചാണകവും വളവുമാണ് നല്‍കിയത്. വ്യത്യസ്തമായ സമ്മാനം എന്ന് പറഞ്ഞ് സന്തോഷത്തോടെ ഒന്നാമന്‍ അത് സ്വീകരിച്ചു. മാത്രമല്ല, ഈ പറമ്പുനിറയെ പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുമെന്ന് അയാള്‍ മാതാപിതാക്കളെ അറിയിച്ചു. രണ്ടാമന് വിലപിടിപ്പുള്ള ഒരു ലാപ്‌ടോപ്പ് ആണ് കൊടുത്തത്. അത് കിട്ടിയ ഉടനെ അയാള്‍ പറഞ്ഞു: ഇതൊക്കെ വാങ്ങുമ്പോള്‍ ഏറ്റവും പുതിയ മോഡല്‍ തന്നെ നോക്കി വാങ്ങണ്ടേ, എനിക്കിതത്ര ഇഷ്ടപ്പെട്ടില്ല… നമുക്ക് എന്ത് ലഭിക്കുന്നു എന്നതിലല്ല, ലഭ്യമായവയെ എങ്ങിനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം. ന്യൂനതകള്‍ കണ്ടെത്തുകയും പരാതികള്‍ പറയുകയും ചെയ്യുന്നവരുടെ അടിസ്ഥാന കാരണം കയ്യിലുള്ളവയുടെ സാധ്യതതകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ആഗ്രഹിക്കുന്നതെല്ലാം കിട്ടിയതിന് ശേഷം എന്തെങ്കിലുമൊക്കെ ആകാനിരുന്നാല്‍ ഒന്നുമാകാതെ വിടവാങ്ങേണ്ടിവരും. കിട്ടാത്തവയെക്കുറിച്ചുളള വിലാപമല്ല, കിട്ടിയവയെ കൊണ്ടുള്ള ഉത്സവമാകണം ജീവിതം. എന്തു ലഭിച്ചാലും തൃപ്തിവരാത്തത് മാനസിക വൈകല്യമാണ്. മറ്റുള്ളവരുടെ പാത്രത്തിലെ അധികമുളളതു നോക്കിയിരിക്കുന്ന ഒരാളും സ്വന്തം പാത്രത്തിലെ സദ്യ ആസ്വദിക്കില്ല. അവര്‍ക്ക് പട്ടിണികിടക്കാനാണ് വിധി. നമുക്ക് ലഭിച്ചതുകൊണ്ട് തൃപ്തരാകാന്‍ ശീലിക്കാം. എന്തെന്നാല്‍, മറ്റുള്ളവരില്‍ നിന്ന് ലഭിക്കേണ്ടതല്ല സംതൃപ്തി. ഉള്ളില്‍ രൂപപ്പെടുത്തേണ്ടതാണ്.