ചെന്നൈ: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചരക്ക് ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നതിനിടെ ഡീസലിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായാണ് സൗത്ത് സോണ്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത് . ആഗസ്റ്റ് 9 നകം വില കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡീസലിന്റെ വില ലിറ്ററിന് 36 തവണകളിലായി 28 രൂപ വര്‍ദ്ധിച്ചതായി സംഘടന ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ മാത്രം 26 ലക്ഷം ലോറികളില്‍ ഏഴ് ലക്ഷത്തില്‍ താഴെ ലോറികള്‍ അവശ്യ സേവനങ്ങള്‍ക്കായി ഇപ്പോള്‍ നിരത്തിലിറങ്ങുന്നുണ്ടെന്നും സംഘടന പറയുന്നു.
തമിഴ്നാട്ടിലെ 33 എണ്ണം ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള 571 ടോള്‍ പ്ലാസകളില്‍ ടോള്‍ ഫീസ് പിരിക്കാനുള്ള ലൈസന്‍സ് കരാര്‍ കാലഹരണപ്പെട്ടിട്ടും ടോള്‍ പ്ലാസകളില്‍ ഫീസ് ശേഖരിക്കുന്നത് തുടരുന്നുണ്ടെന്നും സംഘടന അറിയിച്ചു.