ഗുജറാത്തില്‍ സ്‌കൂള്‍ ഫീസ് 25 ശതമാനം കുറക്കും

ഗാന്ധിനഗര്‍: ഗുജറാത്തിലെ സ്വകാര്യ സ്‌കൂളുകള്‍ 2020 ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് വരെ 25 ശതമാനം ട്യൂഷന്‍ ഫീസ് വെട്ടിക്കുറയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമ പറഞ്ഞു. ഗതാഗത ഫീസ് ഉള്‍പ്പെടെ സ്‌കൂളുകള്‍ അധിക നിരക്കുകള്‍ ഈടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനം സിബിഎസ്ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും പാലിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ അധികൃതരുടെ സംഘടനാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

 

2020 ജൂണിലും തുടര്‍ന്നുള്ള മാസങ്ങളിലും മുഴുവന്‍ ഫീസും അടച്ചിട്ടുണ്ടെങ്കിലും പുതിയ തീരുമാനം ബാധകമാണ്. വിദ്യാഭ്യാസ മന്ത്രിയും സ്‌കൂള്‍ അധികൃതരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ 50 ശതമാനം ഫീസ് വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. 2020-21 അധ്യയന വര്‍ഷത്തില്‍ 100% ഫീസ് എഴുതിത്തള്ളണമെന്ന് സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടന നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് 19 മൂലം 180 ദിവസത്തിലേറെയായി ഗുജറാത്ത് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും 40 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതെന്നും രക്ഷിതാക്കളുടെ സംഘടന മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.