പുതുച്ചേരി : കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ സ്‌കൂളുകള്‍ തുറക്കാന്‍ പോകുന്നു. ജനുവരി 4 മുതല്‍ പകുതി ദിവസത്തേക്കും ജനുവരി 18 മുതല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് കൈവശമുള്ള കൃഷി മന്ത്രി ആര്‍ കമലാകണ്ണന്‍ പറഞ്ഞു.
കോവിഡ് -19 എസ്ഒപി ഉള്ളതിനാല്‍ പുതുച്ചേരിയിലെ കോളേജുകള്‍ ഡിസംബര്‍ 17 മുതല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ സഹായിക്കുമെന്നും സംശയങ്ങള്‍ തീര്‍ക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
” വിദ്യാര്‍ത്ഥികളുടെ പ്രതികരണം അനുസരിച്ച് ഒരു ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഇതര ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്തും അല്ലെങ്കില്‍ ഷിഫ്റ്റ് ആയി ക്ലാസുകള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കും. ജനുവരി 18 മുതല്‍ മുഴുവന്‍ സമയ ക്ലാസുകളും സാധാരണ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നിരുന്നാലും, അത് കോവിഡ് -19 സാഹചര്യം കണക്കിലെടുത്തായിരിക്കും” – മന്ത്രി കൂട്ടിച്ചേര്‍ത്തു.