സ്‌കൂളുകളും ആരാധനാലയങ്ങളും തുറന്നേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ ദീപാവലിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍. ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുക. ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം നവംബര്‍ 23ന് തുറന്നേക്കും

സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ യോഗം നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ക്ലാസുകള്‍ നടത്തൂ. ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായ അധ്യാപകര്‍ക്ക് മാത്രമാണ് ക്ലാസുകളിലെത്താനാകുക.

 

തെര്‍മല്‍ സ്‌കാനിങ് നടത്തി മാത്രമേ വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളിലേക്ക് പ്രവേശിപ്പിക്കൂ. രക്ഷിതാക്കളുടെ അനുവാദം വേണം. ഭക്ഷണസാധനങ്ങള്‍ അനുവദിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നവംബര്‍ 17 മുതല്‍ 22 വരെ അധ്യാപകര്‍ക്ക് വ്യാപകമായി കൊവിഡ് പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക്വാദ് പറഞ്ഞു. ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമാണ് അനുവദിക്കുക. മാറിമാറിയായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം. നാല് മണിക്കൂറില്‍ കൂടുതല്‍ അനുവദിക്കില്ല.