മസ്‌ക്കറ്റ്: കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സ്‌കൂളുകളുടെ പ്രവര്‍ത്തനം നവംബർ ഒന്ന് മുതൽ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ. ക്ലാസുകളിലും സ്‌കൂള്‍ ബസ്സുകളിലും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള കർശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കി
വിദ്യാര്‍ത്ഥികളുടെ എണ്ണം അനുസരിച്ചായിരിക്കും ക്ലാസുകള്‍ പ്രവര്‍ത്തിക്കുക. താപനില പരിശോധിക്കല്‍, രോഗാണുമുക്തമാക്കല്‍, മുഖാവരണം ധരിക്കല്‍, ക്ലാസുകളില്‍ ഒന്നര മീറ്റര്‍ സാമൂഹിക അകലം ഉറപ്പാക്കല്‍ എന്നീ പ്രതിരോധ നടപടികള്‍ കർശനമായി നടപ്പാക്കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ മുഖാവരണം ധരിക്കേണ്ടതില്ല.
പതിനാറ് കുട്ടികള്‍ ഉള്ള ക്ലാസുകള്‍ മൂന്നു മണിക്കൂറും, ഇതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്ള ക്ലാസുകള്‍ നാല് മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ വളരെ കൂടുതല്‍ വിദ്യാര്‍ത്ഥി സാന്ദ്രതയുള്ള ക്ലാസുകള്‍ മൂന്നിലൊന്ന് എണ്ണത്തില്‍ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ അനുമതിയുളളൂവെന്നും .ഓണ്‍ലൈന്‍ പഠന രീതികള്‍ക്കായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.