നീറ്റ് പരീക്ഷാപ്പേടി: തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി

ചെന്നൈ: നീറ്റ് പരീക്ഷ ഞായറാഴ്ച നടക്കാനിരിക്കെ പരീക്ഷാപ്പേടിയില്‍ തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലാമത്തെ വിദ്യാര്‍ഥിയാണ് ജീവനൊടുക്കുന്നത്. നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശിയായ വ്യാപാരിയുടെ മകന്‍ മോത്തിലാല്‍ (21) ആണ് മരിച്ചത്. ഇതിനു മുമ്പ്‌രണ്ട് തവണ നീറ്റ് പ്രവേശന പരീക്ഷ എഴുതിയ മോത്തിലാലിന് ജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ന് നടക്കുന്ന പരീക്ഷയ്ക്കായി തയാറെടുത്തുവരുന്നതിനിടെയാണ് ദാരുണ സംഭവം. വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആദിത്യ, ജ്യോതി ദൂര്‍ഗ, വിഗ്‌നേഷ് എന്നിവരാണ് ജീവനൊടുക്കിയ മറ്റ് വിദ്യാര്‍ഥികള്‍. മൂവരും 19 നും 21 നും ഇടയില്‍ പ്രായമുള്ളവരാണ്. പ്ലസ് ടു പരീക്ഷയ്ക്ക് ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളാണ് ഇവര്‍. കൊവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ നീറ്റ് പരീക്ഷ നടത്തുന്നതിനെതിരേ കടുത്ത വിമര്‍ശമാണ് ഡിഎംകെ മേധാവി എം കെ സ്റ്റാലിന്‍ നല്‍കിയത്. ഇത് മാറ്റിവയ്ക്കാന്‍ അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് തമിഴ്നാട്ടിനെ നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്നും പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം അനുവദിക്കണമെന്നും സംസ്ഥാനം നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.